പോക്കറ്റ് മണിയും  നിരീക്ഷണത്തില്‍

ബാങ്ക് അക്കൗണ്ട് തുറക്കാതെതന്നെ സ്കൂളിലേയും കോളജുകളിലേയും  ചെലവുകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് ഈ തിരിച്ചറിയില്‍ കാര്‍ഡ്
ടൈം ടേബ്ള്‍ ബുക് വാങ്ങണമെന്ന്  പറഞ്ഞ് വീട്ടില്‍നിന്ന് പണംവാങ്ങി സിനിമക്ക് പോയിരുന്ന ഒരു വിദ്യാര്‍ഥി തലമുറയുണ്ടായിരുന്നു; രക്ഷിതാക്കള്‍ക്ക് വിവരം കമ്മിയായിരുന്ന ഒരുകാലത്ത്. അന്നത്തെ തലമുറ വളര്‍ന്ന് രക്ഷിതാക്കളായതോടെ കഥമാറി. 
തങ്ങളുടെ കുട്ടികള്‍ക്ക് എന്തൊക്ക ആവശ്യങ്ങളുണ്ടെന്ന് ഇന്നത്തെ രക്ഷിതാക്കള്‍ക്ക് അറിയാം. മാത്രമല്ല, പോക്കറ്റ് മണി കിട്ടാന്‍ നുണപറയേണ്ട അവസ്ഥയും മാറി. കുട്ടികള്‍ക്ക് നല്ളൊരു തുക പോക്കറ്റ് മണി നല്‍കുന്ന കാര്യത്തില്‍ ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ മടി കാട്ടാറുമില്ല. 
എന്നാല്‍, ഈ പണം കുട്ടികള്‍ എന്തിനുവേണ്ടി ചെലവഴിക്കുന്നു എന്നകാര്യം മിക്ക രക്ഷിതാക്കള്‍ക്കും അറിയാന്‍ വഴിയില്ല. ഇതിന് പരിഹാരമായി ബാങ്കുകള്‍ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. ‘കാമ്പസ് വാലറ്റ്’ എന്ന പദ്ധതിയുമായി ഫെഡറല്‍ ബാങ്കാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ് സംരംഭമായ ചില്ലര്‍ പേമെന്‍റ് സൊലൂഷന്‍സുമായി ചേര്‍ന്നാണ് ‘കാമ്പസ് വാലറ്റ്’ പദ്ധതി നടപ്പാക്കുന്നത്. ബാങ്കിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് കാമ്പസ് വാലറ്റ്. 
ബാങ്ക് അക്കൗണ്ട് തുറക്കാതെതന്നെ സ്കൂളിലേയും കോളജുകളിലേയും  ചെലവുകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് ഈ തിരിച്ചറിയല്‍ കാര്‍ഡ്. ബാങ്കിന്‍െറ  പേമെന്‍റ് ഗേറ്റ് വേ വഴി രക്ഷിതാക്കള്‍ക്ക് ആവശ്യമായ തുക കുട്ടികളുടെ കാര്‍ഡുകളിലേക്ക് നിക്ഷേപിക്കാം.  ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ തുക നിക്ഷേപിക്കാം. 
കാമ്പസുകളിലെ സ്റ്റോറുകള്‍, കാന്‍റീന്‍, ലൈബ്രറി തുടങ്ങിയ ഇടങ്ങളില്‍ നല്‍കേണ്ട പണം പ്രസ്തുത ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം സൈ്വപ്പിങ് മെഷീന്‍ ഉപയോഗിച്ച് ഈ കാര്‍ഡില്‍നിന്ന് നല്‍കാന്‍ സാധിക്കും. അതത് കാമ്പസുകളില്‍ മാത്രമേ ഈ വാലറ്റ് ഉപയോഗിക്കാനാകൂ. അതിനാല്‍, ‘പുറംചെലവുകള്‍’ നടക്കില്ളെന്ന് ചുരുക്കം. സ്വന്തം കുട്ടികളുടെ പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് സാധിക്കും.  ലൈബ്രറികളില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളെപ്പറ്റിയും കാന്‍റീനുകളില്‍നിന്ന് വാങ്ങുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാമുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടുകളായും സന്ദേശങ്ങളായും രക്ഷിതാക്കള്‍ക്ക് ലഭിക്കുകയും ചെയ്യും. റിസല്‍ട്ട് അപ്ഡേഷന്‍, കാര്‍ഡ് റീച്ചാര്‍ജ്, ചെലവു രീതികള്‍ പിന്തുടരല്‍, ഇ-ഡയറി, അവധി അപേക്ഷ, അധ്യാപകരുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ സൗജന്യ ആപ് രക്ഷിതാക്കള്‍ക്ക് ചില്ലര്‍ ലഭ്യമാക്കും. ചുരുക്കത്തില്‍ പോക്കറ്റ് മണി ചെലവഴിക്കല്‍ രീതി ഇനി രക്ഷിതാക്കളുടെ നിരീക്ഷണത്തിലാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.