സ്വന്തമായ പരീക്ഷണം, പിറന്നത് പുതിയ ഇനം പപ്പായ; മണ്ണറിഞ്ഞ കർഷകന് വർഷത്തിൽ ലഭിക്കുന്നത് 75 ടൺ വിളവ്
മണ്ണിനോടുള്ള ഇഷ്ടവും പരീക്ഷിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പശ്ചിമ ബംഗാളിലെ 70കാരനായ കൃഷ്ണ ചന്ദ്ര ഹൽദർ. സ്കൂൾ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിയ ഹൽദർ, വർഷങ്ങൾ നീണ്ട പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തത് സ്വന്തമായി ഒരിനം പപ്പായയാണ്. പേരിടാത്ത ഈ പപ്പായ ഇനം കൃഷി ചെയ്ത് വിളവെടുക്കുന്നത് എത്രയാണെന്ന് അറിയണോ..? ഓരോ വർഷവും 75 മെട്രിക് ടൺ വരെ വിളവ്!
ഹൂഗ്ലി ജില്ലയിലെ ഉത്തര സിംലാപാൽ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഹൽദറിന്റെ പപ്പായ കൃഷി. 1875 പപ്പായച്ചെടികളിൽനിന്നാണ് പ്രതിവർഷം 75000 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നത്. ചിൻസുറ-മോഗ്ര ബ്ലോക്കിലെ മികച്ച പപ്പായ കർഷകരുടെ പട്ടികയിലും ഇതോടെ ഹൽദർ ഇടം നേടി.
നാട്ടിനം പപ്പായയിൽനിന്ന് പുതിയ പരീക്ഷണം
1976ലാണ് ഹൽദർ ഉപജീവനത്തിനായി കൃഷിയിലേക്ക് എത്തുന്നത്. മുളക്, കോളിഫ്ലവർ, ഉള്ളി, മാങ്ങ തുടങ്ങിയ വിളകൾക്കൊപ്പം പപ്പായയും കൃഷി ചെയ്തു. എന്നാൽ നാട്ടിനം പപ്പായയ്ക്ക് രോഗബാധ കൂടുതലും വിളവ് കുറവുമാണെന്ന് മനസ്സിലായതോടെ പുതിയൊരു വഴിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. തുടർന്നാണ് രണ്ട് വ്യത്യസ്ത പപ്പായ ഇനങ്ങളെ കൂട്ടിച്ചേർത്ത് പരീക്ഷണം നടത്താൻ തീരുമാനിച്ചത്. ഹൈബ്രിഡ് ഇനമായ റെഡ് ലേഡി 786ന്റെ പൂക്കളും നാട്ടിനം പപ്പായയുടെ പൂക്കളും തമ്മിൽ പരാഗണം നടത്തി പരീക്ഷണം ആരംഭിച്ചു.
പ്രകൃതിദത്ത പരാഗണം ഫലപ്രദമാകാതിരുന്നതോടെ കൈപരാഗണത്തിലേക്ക് മാറി. ഓരോ പൂവിലും വളരെ ശ്രദ്ധയോടെ പരാഗണം നടത്തേണ്ടിവന്നത് ഏറെ സമയമെടുത്ത ജോലിയായിരുന്നുമെന്ന് ഹർദർ പറയുന്നു. ആദ്യ മൂന്ന് നാല് വർഷം നടത്തിയ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല. എന്നാൽ തോൽക്കാൻ മനസ്സില്ലായിരുന്നു. പല ചെടികളിലും നിരന്തരം പരീക്ഷണം നടത്തി. ആദ്യ മൂന്ന് നാല് വർഷം ഒന്നും ശരിയായില്ല. ഒരു വൈകുന്നേരം പൂമൊട്ടുകൾ കണ്ടപ്പോൾ അവ കായ്കളായി മാറുമെന്ന പ്രതീക്ഷ തോന്നി. എട്ട് മാസങ്ങൾക്ക് ശേഷം തന്റെ പരിശ്രമം ഫലം കണ്ടു. അത് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നുമെന്നും ഹർദറിന്. ഇനത്തിന് ഇതുവരെ പേരിട്ടിട്ടില്ലെന്നതാണ് മറ്റൊരു അതിശയം. നല്ല വിളവ് കിട്ടുന്നുണ്ടെങ്കിൽ അതു മാത്രം മതിയെന്നാണ് ഈ യഥാർഥ കർഷകന്റെ ഭാഷ്യം.
75,000 കിലോ പപ്പായ; 22.5 ലക്ഷം രൂപ വരുമാനം
ഹൽദർ വികസിപ്പിച്ചെടുത്ത പപ്പായയ്ക്ക് നിലവിലുള്ള ഇനങ്ങളോട് രൂപത്തിൽ സാമ്യമുണ്ടെങ്കിലും നീളമേറിയ ആകൃതിയാണ്. 15 മുതൽ 20 സെന്റിമീറ്റർ വരെ നീളമുള്ള ഓരോ പപ്പായയ്ക്കും 500 മുതൽ 750 ഗ്രാം വരെ തൂക്കമുണ്ടാകാറുണ്ട്. ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള മാംസള ഭാഗവും കുരുമുളകുപോലെ തോന്നിക്കുന്ന കറുത്ത വിത്തുകളുമുള്ള പപ്പായയ്ക്ക് നല്ല മധുരവും മണവുമാണ്. വർഷം മുഴുവൻ ലഭ്യമാകുന്നതും വിപണിയിൽ ആവശ്യക്കാർ ഏറാൻ കാരണമായെന്നും ഹർദർ സന്തോഷത്തോടെ പറയുന്നു.
പപ്പായ വിൽപനയിലൂടെ മാത്രം പ്രതിവർഷം ഏകദേശം 22.5 ലക്ഷം രൂപയാണ് ഹൽദറിന്റെ വരുമാനം. ഒരു ചെടിയിൽനിന്ന് ശരാശരി 40 കിലോഗ്രാം വരെ പപ്പായ ലഭിക്കും. മൊത്തവിപണിയിൽ അഞ്ച് കിലോഗ്രാം വരുന്ന ഒരു ‘പല്ല’ അഥവാ 100 കി.ഗ്രാം അളവിന് സാധാരണ 150 രൂപയാണ് ലഭിക്കുന്നത്. റമദാൻ കാലത്ത് ഇത് 450 രൂപ വരെ ഉയരും. ചന്ദനനഗർ മൊത്തവിപണിയിൽ ദിവസവും 100 കിലോഗ്രാം പപ്പായയാണ് ഹൽദർ വിൽക്കുന്നത്. ഹൽദർ വികസിപ്പിച്ചെടുത്ത പേരിടാത്ത ഇനത്തിന്റെ പ്രത്യേകത രോഗപ്രതിരോധ ശേഷിയും ഉയർന്ന വിളവുമാണ്. കൃഷി വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഭൂമി കൂടി വാങ്ങിയിരുന്നു പിന്നീട്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി 1,200, 500, 175 പപ്പായച്ചെടികളാണ് ഇപ്പോഴുള്ളത്.
പരീക്ഷണങ്ങൾക്ക് വിദഗ്ധരുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഹർദറിന്റെ ശ്രമം. സ്വന്തം കൃഷിയിടത്തിൽ നടത്തിയ പരീക്ഷണം വിജയിച്ചപ്പോൾ അതിൽ മാത്രം ഒതുങ്ങിയില്ല ഹൽദർ. താൻ വികസിപ്പിച്ച പപ്പായ ഇനം മറ്റ് കർഷകരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.