രണ്ടാം വിള കൃഷിയിറക്കുന്നതിന് കുഴൽമന്ദം മേഖലയിൽ വരമ്പുകൾ ബലപ്പെടുത്തുന്നു

പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ രണ്ടാംവിളയ്​ക്ക് ഒരുങ്ങി

പാലക്കാട്: പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള കൃഷിക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. കൃഷിയിറക്കുന്നതിന് മുമ്പ്​ വയൽ വരമ്പുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വർഷത്തിൽ ഒരുതവണ ഒന്നാംവിള കൊയത്ത് കഴിഞ്ഞശേഷമാണ് വരമ്പുകൾ ബലപ്പെടുത്തൽ നടക്കുന്നത്.വയലുകളിലെ വെള്ളം ചോർന്നുപോകാതെ ആവശ്യാനുസരണം തടഞ്ഞുനിർത്തുകയാണ് വരമ്പ് ബലപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യകാലങ്ങളിൽ വരമ്പുകൾ യാത്രപോകുന്നതിനുള്ള സഞ്ചാര മാർഗം കൂടിയായിരുന്നു. അതിനാൽ വരമ്പുകൾക്ക് വീതി കൂടുതൽ ഉണ്ടായിരുന്നു. ക്രമേണ ഇതിൽ മാറ്റം വന്നതോടെ വരമ്പുകളുടെ വീതിയിലും കുറവുവന്നു.ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്​ക്ക് ഉപയോഗിക്കുന്നത്.ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്.

പതിവ് പോലെ ഈ പ്രാവശ്യവും ജില്ലയിലെ ഡാമുകൾ ജലസമൃദ്ധിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും വിള ഇറക്കുന്നതിനുള്ള താൽപര്യം വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒന്നാം വിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.

കൊയ്​ത്തുയന്ത്രങ്ങൾ സുലഭമാക്കാൻ നടപടി വേണം–ജില്ല കാര്‍ഷിക വികസന സമിതി യോഗം

പാലക്കാട്: നെല്‍കൃഷിയുള്ള ജില്ലയെന്ന നിലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന്​ കെ.ഡി. പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ മോണിറ്ററിങ്, അവലോകനം എന്നിവക്കായി സംഘടിപ്പിച്ച ജില്ല കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ രണ്ടെണ്ണം വീതവും താലൂക്ക് തലത്തില്‍ ഓരോ എണ്ണവും കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി തയാറാക്കണം. ഇത്തരത്തില്‍ വാങ്ങുന്ന യന്ത്രങ്ങളുടെ പരിപാലനം കര്‍ഷക സമിതികളെ ഏല്‍പ്പിക്കണം. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു.

കൃഷി വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാറി​െൻറ 36ഓളം പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ നടപ്പാക്കല്‍, ഫണ്ട് ചെലവഴിക്കല്‍ എന്നിവയില്‍ ജില്ലക്ക്​ ഒന്നാം സ്ഥാനമാണ് ഉള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ആര്‍. ഷീല അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഫണ്ട് വിനിയോഗം നൂറ് ശതമാനത്തില്‍ എത്തിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു.

ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി. സുമോദ് എം.എല്‍.എ, എ.ഡി.എം കെ. മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Confidence in the face of adversity Without giving up, the farmers prepared for the second crop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.