ന്യൂയോർക്ക്: ദശലക്ഷക്കണക്കിന് ന്യൂയോർക്കുകാർ നൽകിവരുന്ന അമിത വാടക മരവിപ്പിക്കുകയും പൊതുഗതഗാതം കാര്യക്ഷമതയോടെ സൗജന്യമാക്കുകയും ചെയ്യുമെന്നും വാഗ്ദാനം ചെയ്ത് തന്റെ എതിരാളിയുമായുള്ള അവസാന സംവാദത്തിലും ശ്രദ്ധ പിടിച്ചു പറ്റി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായ സൊഹ്‌റാൻ മംദാനി. നവംബർ 4 ലെ വോട്ടെടുപ്പിന് മുമ്പ് വോട്ടർമാരെ ആകർഷിക്കാനുള്ള അവസാന ശ്രമമായിരുന്നു 90 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി.
ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാൻ മംദാനിയും പ്രൈമറിയിൽ അദ്ദേഹം പരാജയപ്പെടുത്തിയ മുൻ ഗവർണറും സ്വതന്ത്രനായി മത്സരിക്കുന്ന ആൻഡ്രൂ ക്യുമോയും തമ്മിൽ വിപുലമായ വാദം നടന്നു. നിലവിലെ മേയർ എറിക് ആഡംസ് മത്സരത്തിൽ നിന്ന് പുറത്തുപോയതിനുശേഷം മത്സരം മംദാനി, ക്യൂമോ, കർട്ടിസ് സ്ലിവ എന്നിവർ തമ്മിലായി അവശേഷിച്ചു.
താങ്ങാനാവുന്ന നിരക്കിൽ സൗജന്യ ബസ് യാത്ര, ന്യൂയോർക്കുകാർക്കുള്ള വാടക മരവിപ്പിക്കൽ, സാർവത്രിക ശിശു സംരക്ഷണം എന്നിവയിലൂടെ പ്രൈമറിയിൽ അപ്രതീക്ഷിത വിജയം നേടിയ മംദാനി വോട്ടെടുപ്പിൽ ഗണ്യമായ ലീഡ് നിലനിർത്തുന്നു.
എന്നാൽ, മംദാനിയുടെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യ ബോധമില്ലാത്തതായി ചിത്രീകരിക്കാൻ എതിരാളിയായ ക്യൂമോ ശ്രമിച്ചു. കൂടാതെ 34 കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഭരണ പരിചയക്കുറവും ആവർത്തിച്ച് ഉന്നയിച്ചു. സംസ്ഥാന, ഫെഡറൽ തലങ്ങളിലെ ദീർഘകാല ജീവിതം കണക്കിലെടുക്കുമ്പോൾ, അനുഭവപരിചയം തന്നെ മേയർസ്ഥാനത്തേക്കുള്ള ശരിയായ തെരഞ്ഞെടുപ്പാക്കി മാറ്റുമെന്ന് ക്യമോ നിരന്തരം വാദിച്ചു.
അതേസമയം, മാറ്റത്തിനായുള്ള സ്ഥാനാർഥിയായി സ്വയം അവതരിപ്പിച്ച മംദാനി, ന്യൂയോർക്കുകാർക്ക് താങ്ങാനാവുന്ന ജീവിതച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. യു.എസിന്റെ സാമ്പത്തിക തലസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ചാണ് മംദാനിയുടെ പ്രചാരണം. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് സർവിസിന്റെ കാലതാമസം കുറക്കുന്നതിന് പ്രത്യേക ബസ് ലെയ്‌നുകൾ, കൂടുതൽ പതിവ് സർവിസുകൾ, അധിക ലോഡിങ് സോണുകൾ എന്നിവ മംദാനി വാഗ്ദാനം ചെയ്തു. സൗജന്യ ഗതാഗതം ലഭ്യമാക്കുമെന്നും പറഞ്ഞു.
ബസ് റൂട്ടുകൾ വികസിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുൻ ഭരണകൂടങ്ങൾ എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ഇക്കാര്യത്തിൽ ഭിന്നതകൾ നിലനിൽക്കുന്നു. എന്നാൽ, തന്റെ പദ്ധതിക്ക് പ്രതിവർഷം 800 മില്യൺ ഡോളറിൽ താഴെയേ ചെലവു വരൂ എന്ന് മംദാനി കണക്കാക്കുന്നു. ന്യൂയോർക്ക് പുതിയ ‘ബഫല്ലോ ബിൽസ്’ സ്റ്റേഡിയത്തിനായി ചെലവഴിച്ചതിനേക്കാൾ 50 മില്യൺ ഡോളർ കുറവായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞതായി ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണമേൽക്കുന്ന സമയത്ത് അതിനായി ഒരു മികച്ച തലക്കെട്ട് ആവശ്യപ്പെട്ടപ്പോൾ, ‘ട്രംപിനെതിരെ എതിർപ്പ് തുടർന്ന് മംദാനി, ന്യൂയോർക്കുകാർക്ക് താങ്ങാനാവുന്ന ജീവത ചെലവ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ന്യൂയോർക്കിനെതിരായ ട്രംപിന്റെ ഭീഷണികളെ തന്റെ പ്രചാരണം എങ്ങനെ കാണുന്നുവെന്ന് അദ്ദേഹത്തിന്റെ ഉത്തരം സംഗ്രഹിച്ചു. ‘കമ്യൂണിസ്റ്റ്’ എന്ന് താൻ തള്ളിക്കളഞ്ഞ മംദാനി വിജയിച്ചാൽ നഗരത്തിനുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിട്ടുണ്ട്. മംദാനി മേയറായാൽ ന്യൂയോർക്കിലേക്ക് തന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഗാർഡിനെ വിന്യസിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രചാരണ വേളയിൽ 33 കാരനായ മംദാനി ട്രംപിന്റെ ഭീഷണികൾ തള്ളിക്കളയുകയും ന്യൂയോർക്കുകാർക്ക് വേണ്ടി അദ്ദേഹത്തിനെതിരെ നിലകൊള്ളുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ചർച്ചയിൽ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ മംദാനിയുടെ സൗജന്യ ബസ് നിദേശത്തെ പരിഹസിച്ചു. ‘സൊഹ്രാൻ, താങ്കൾ സൗജന്യം, സൗജന്യം, സൗജന്യം എന്ന് പറയുന്നു. പക്ഷേ ആരാണ് അതിന് പണം നൽകുകയെന്ന് ഞങ്ങൾക്കറിയാം.’ തന്റെ പ്രധാന എതിരാളിക്ക് പുതിയ ആശയങ്ങളൊന്നുമില്ലെന്നും കർട്ടിസ് പരിഹസിച്ചു.
എന്നാൽ, അവക്കെല്ലാം മംദാനി നൽകിയ ഉത്തരങ്ങൾ ജാഗ്രതയോടെയുള്ളതായിരുന്നു. ‘ഓരോ കുട്ടിയും മികച്ച പൊതുവിദ്യാഭ്യാസം അർഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിലെ മേയർ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ സ്‌കൂളുകളിൽ ഞങ്ങൾ അത് കണ്ടിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.