ഷി ജിൻപിങ്
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ 2026ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടർച്ചയായ 14-ാം തവണയും പട്ടികയിൽ ഇടംപിടിച്ച് റെക്കോർഡ് നേട്ടം കൈവരിച്ചു. ഈ വർഷത്തെ പട്ടികയിൽ മറ്റാരെക്കാളും കൂടുതൽ തവണ ഉൾപ്പെട്ടതും അദ്ദേഹമാണ്. 2012ൽ അധികാരമേറ്റത് മുതൽ ചൈനയുടെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ഷി ജിൻപിങ് പുലർത്തുന്ന ആധിപത്യം ടൈം മാഗസിൻ അടിവരയിടുന്നു.
ഡോളറിന് പകരമായി ചൈനീസ് കറൻസി ഉപയോഗിക്കാനുള്ള നീക്കങ്ങളും 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ നേതാവായി മാറാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി ടൈം വിലയിരുത്തുന്നു. ഈ വർഷത്തെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിലും നിലനിൽക്കുന്ന അശാന്തിക്കിടയിലും ചൈന-റഷ്യ ബന്ധം അതീവ വിലപ്പെട്ടതാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി ബീജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ജിൻപിങ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്.
‘മാറ്റങ്ങളും അസ്വസ്ഥതകളും നിറഞ്ഞ ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യത്തിൽ ചൈന-റഷ്യ ബന്ധം ഉറപ്പോടെ നിൽക്കുന്നത് അതീവ വിലപ്പെട്ടതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തണം. ഇത് ചൈനയുടെയും റഷ്യയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ ഐക്യത്തിനും അത്യാവശ്യമാണ്. ഐക്യരാഷ്ട്രസഭയുടെ അധികാരം വീണ്ടെടുക്കുന്നതിനും ബഹുമുഖ നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. കൂടുതൽ നീതിയുക്തവും യുക്തിസഹവുമായ ഒരു പുതിയ ലോകക്രമം കെട്ടിപ്പടുക്കാൻ ചൈനയും റഷ്യയും നേതൃത്വം നൽകണം’-ഷി ജിൻപിങ് പറഞ്ഞു.
ഇറാൻ യുദ്ധം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഇറാൻ യുദ്ധം അവസാനിക്കാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഗ്രൗണ്ട് റിയാലിറ്റി സങ്കീർണ്ണമായി തുടരുകയാണ്. ഹുർമുസ് കടലിടുക്ക് യു.എസ് ഉപരോധിക്കുന്നത് അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നീക്കമാണെന്ന് ചൈന നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.