ജെറുസലേം: ഇസ്രായേൽ-ഇറാൻ യുദ്ധം ഉയർത്തിക്കാട്ടി ഇസ്രായേൽ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ലോക മുസ്‍ലിംകളുടെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ അൽ അഖ്സ പള്ളിയിൽ തുടർച്ചയായ നാലാം വെള്ളിയാഴ്ചയും വിശ്വാസികൾക്ക് പ്രവേശനം നിഷേധിച്ചു. ഫെബ്രുവരി അവസാനം മുതൽ അടിയന്തരാവസ്ഥയുടെ ഭാഗമായി പള്ളിയുടെ കവാടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ജറുസലേമിലെ പഴയ നഗരത്തിലുടനീളം വൻതോതിൽ പൊലീസിനെ വിന്യസിച്ചാണ് ഇസ്രായേൽ വിശ്വാസികളെ തടഞ്ഞത്.
നിലവിൽ പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇസ്‍ലാമിക് വഖഫ് അംഗങ്ങൾക്കും മാത്രമാണ് പ്രവേശനമുള്ളത്. ക്രൈസ്തവരുടെ പ്രധാന തീർഥാടന കേന്ദ്രമായ ചർച്ച് ഓഫ് ദി ഹോളി സെപുൽച്ചറും ഇസ്രായേൽ അടച്ചിട്ടിരിക്കുകയാണ്. പഴയ നഗരത്തിന് പുറത്തുള്ള തെരുവുകളിൽ പ്രാർഥന നടത്താനുള്ള ഫലസ്തീനികളുടെ ശ്രമവും പൊലീസ് തടഞ്ഞു. ഇതോടെ, നഗരത്തിലെ ചെറിയ പള്ളികളിലാണ് വിശ്വാസികൾ നിസ്കാരം നിർവഹിച്ചത്. ഏപ്രിൽ പകുതി വരെ അടിയന്തരാവസ്ഥ നീട്ടിയ സാഹചര്യത്തിൽ പള്ളി എന്നാണ് തുറക്കുക എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
1967-ൽ കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇത്തവണ ഈദ് നിസ്കാരവും അൽ അഖ്സയിൽ തടയപ്പെട്ടിരുന്നു. ഇസ്രായേലിന്റെ ഈ നടപടിയെ അറബ്-മുസ്‍ലിം രാജ്യങ്ങൾ ശക്തമായി അപലപിച്ചെങ്കിലും പള്ളി തുറക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് നിയന്ത്രണമെങ്കിലും പള്ളി അടച്ചിടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കിഴക്കൻ ജറുസലേമിലെ വിശ്വാസികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.