ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയിൽ തുറന്നു; 2 മണിക്കൂർ യാത്ര 2 മിനിട്ടായി ചുരുങ്ങി; ദൃശ്യങ്ങൾ കാണാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഹുയാജിയാങ് ഗ്രാന്‍റ് കന്യോൻ ചൈനയിൽ തുറന്നു. ഗുയിഷൗ പ്രവിശ്യയിൽ നദിക്കു കുറുകെ ചൈനയിലെ ഏറ്റവും പരുക്കൻ പ്രതലത്തിൽ 625 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലം ചൈനീസ് വാസ്തു വിദ്യയിലെ അത്ഭുതമാവുകയാണ്. ഹുയാജിയാങ് ഗ്രാൻഡ് കന്യോനിലെ ഇരു വശത്തേക്കുമുള്ള 2 മണിക്കൂർ യാത്ര ഇനി 2 മിനിട്ടായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പകുതി മഞ്ഞിൽ മൂടിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ വഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

നിർമാണം പൂർത്തിയാക്കിയ പാലത്തിന്‍റെ തീവ്ര പരിശോധനകൾ കഴിഞ്ഞ മാസമാണ് നടന്നത്. ഭാരം വഹിച്ച 96 ട്രക്കുകൾ ഉപയോഗിച്ചാണ് ഭാര പരിശോധന നടത്തിയത്. 400ലധികം സെൻസറുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാലത്തിന്‍റെ മെയിൻ സ്പാൻ, ടവറുകൾ, കേബിളുകൾ എന്നിവ നിരീക്ഷണ വിധേയമാക്കി. പാലത്തിനുണ്ടായ ചെറിയ ചലനം പോലും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വിലയിരുത്തി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം, പർവത പ്രദേശത്ത് നിർമിക്കപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ പാലം എന്നിങ്ങനെ  2 റെക്കോഡുകളാണ് ഗ്രാന്‍റ് കന്യോൻ പാലത്തിനുള്ളത്.. ഗതാഗത മാർഗം മാത്രമല്ല, വലിയൊരു വിനോദസഞ്ചാര സാധ്യത കൂടി തുറന്നിടുകയാണ് ഈ വമ്പൻ പാലം. 207 മീറ്ററിൽ സൈറ്റ് സീയിങ് എലിവേറ്റർ, ആകാശ കഫേകൾ, കന്യോനിന്‍റെ അമ്പരപ്പിക്കുന്ന കാഴ്ച നൽകുന്ന പ്ലാറ്റ്ഫോം തുടങ്ങിയ സൗകര്യങ്ങളൊക്കെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

മൊത്തം 2,900 മീറ്റർ നീളവും 1420 മീറ്റർ വീതിയും കന്യോനിൽ നിന്ന് 625 മീറ്റർ ഉയരവും ഉള്ളതാണ് പാലം.. നിർമാണ വേളയിൽ നിരവധി വെല്ലുവിളികളാണ് ഗുയിഷൗ ട്രാൻസ്പോർട്ട് ഇൻവെസ്റ്റ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ശക്തമായ കാറ്റും ദുർഘടമായ ഭൂപ്രകൃതിയും തടസ്സം സൃഷ്ടിച്ചു. ഇവയെല്ലാം മറികടന്നാണ് ചൈനയിലെ വമ്പൻ പാലം ലോകത്തിന് സമർപ്പിച്ചിരിക്കുന്നത്.


News Summary - World's highest bridge opened in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.