ന്യൂഡൽഹി: ഗസ്സയിൽ സമാധാനം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ട് വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളോട് ഇസ്രായേലും ഹമാസും അനുഭാവപൂർവം പ്രതികരിച്ചതിന് പിന്നാലെ പ്രതീക്ഷ പങ്കിട്ട് ലോക നേതാക്കൾ.
ഗസ്സയിൽ ഇസ്രായേൽ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.
ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അധികാര കൈമാറ്റത്തിനും തയ്യാറാണെന്ന് ഹമാസ് വെള്ളിയാഴ്ച വൈകി വ്യക്തമാക്കിയിരുന്നു. എന്നാൽ, നിർദ്ദേശത്തിലെ ചില പരാമർശങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിൽ സുസ്ഥിര സമാധാനത്തിന് ഹമാസ് തയ്യാറാണെന്ന് കാണിച്ച് വെടിനിർത്തലിനുള്ള ട്രംപിന്റെ നിർദേശം ഞെട്ടലോടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അംഗീകരിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ ബന്ദികളുടെയും മോചനമെന്ന സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാൻ സൈന്യം ഒരുങ്ങുകയാണെന്ന് പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചു.
അതേസമയം, വെള്ളിയാഴ്ച രാത്രി ഇസ്രായേൽ ആക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, വെള്ളിയാഴ്ച വൈകി തെക്കൻ ഗസ്സയിലെ അൽ-മവാസിയിലെ ഒരു ടെന്റിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും വാർത്തയുണ്ട്. ട്രംപിന്റെ വെടിനിർത്തൽ നിർദേശത്തിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഇസ്രായേൽ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച്’ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് കൂട്ടിച്ചേർത്തു. നിലവിൽ അവതരിപ്പിക്കപ്പെട്ട 20 ഇന നിർദേശങ്ങളിൽ ചിലതിൽ ഹമാസ് ചർച്ചയാവശ്യപ്പെട്ടിരിക്കെ ഇതംഗീകരിച്ചേക്കില്ലെന്ന സൂചന നൽകുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണമെന്നാണ് വിലയിരുത്തൽ. നിരായുധീകരണമടക്കം ട്രംപിന്റെ സുപ്രധാന നിർദേശങ്ങളിൽ പലതും ഹമാസ് ഇനിയും അംഗീകരിച്ചിട്ടില്ല.
ഇന്ത്യ
ഗസ്സയിലെ സമാധാന ശ്രമങ്ങൾക്ക് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ‘ബന്ദി മോചനത്തിന്റെ സൂചനകൾ സുപ്രധാന ചുവടുവെയ്പിനെ സൂചിപ്പിക്കുന്നു. ശാശ്വതവും നീതിയുക്തവുമായ, സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും.’-യു.എസ് പ്രസിഡന്റിന്റെ എക്സ് അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് സമൂഹമാധ്യമത്തിലെ കുറിപ്പിൽ മോദി പറഞ്ഞു.
ഖത്തർ
പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ ഇരുകക്ഷികളും അംഗീകരിച്ചതിനെയും ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനത്തെയും ഖത്തർ സ്വാഗതം ചെയ്തു. ‘ബന്ദികളെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിനും ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ രക്തച്ചൊരിച്ചിൽ കഴിയും വേഗം അവസാനിപ്പിക്കുന്നതിനും അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രസിഡന്റിന്റെ നിർദേശങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു,’-വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി എക്‌സിൽ പറഞ്ഞു.
ഈജിപ്ത്
സാഹചര്യങ്ങളിൽ തികച്ചും ശുഭകരമായ മാറ്റം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഈജിപ്തിന്റെ പ്രതികരണം. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ നിലവിൽ വരുന്നതിന് അറബ് രാഷ്ട്രങ്ങൾ, യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഈജിപ്ത് വ്യക്തമാക്കി.
തുർക്കിയെ
ഗസ്സയിൽ യുദ്ധകാലാടിസ്ഥാനത്തിൽ വെടിനിർത്തൽ കൊണ്ടുവരാൻ സഹായകമാണ് ഹമാസിന്റെ പ്രതികരണമെന്ന് തുർക്കിയെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്
ഹമാസിന്റെ പ്രസ്താവന ഇതര ഫലസ്തീൻ ഗ്രൂപ്പുകളുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ടെലഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. ‘ഈ തീരുമാനത്തിലേക്ക് നയിച്ച കൂടിയാലോചനകളിൽ പി.ഐ.ജെ ഉത്തരവാദിത്വത്തോടെ പങ്കെടുത്തു’,- ടെലിഗ്രാമിലെ പ്രസ്താവനയിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കി.
യുണൈറ്റഡ് നേഷൻസ്
ഹമാസിന്റെ പ്രസ്താവനയിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംതൃപ്തി പ്രകടിപ്പിച്ചു. ഗസ്സയിലെ ദാരുണമായ സംഘർഷം അവസാനിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചതായും യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
മലേഷ്യ
അമേരിക്ക അവതരിപ്പിച്ച സമാധാനപദ്ധതി പൂർണമല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കി. ‘അമേരിക്ക അവതരിപ്പിച്ച സമാധാന പദ്ധതി പൂർണമല്ല, പലതിനോടും ഞങ്ങൾ വിയോജിക്കുന്നു. എങ്കിലും, ഞങ്ങളുടെ ഇപ്പോഴത്തെ മുൻഗണന ഫലസ്തീൻ ജനതയുടെ ജീവൻ രക്ഷിക്കുക എന്നതാണ്,’- അൻവർ ഇബ്രാഹിം പറഞ്ഞു. പദ്ധതിയിൽ വിവരിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പ് ഉള്ളതുകൊണ്ടല്ല അറബ്, ഇസ്ലാമിക രാജ്യങ്ങൾ അംഗീകരിക്കുന്നത്, മറിച്ച് രക്തച്ചൊരിച്ചിൽ തടയുന്നതിനും, ഗസ്സയിലെ ജനങ്ങൾക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരം നൽകുന്നതിനുമുള്ള ഒരു കൂട്ടായ നടപടിയാണ്. എല്ലാ ബന്ദികളുടെ മോചനവും ഗസ്സയിൽ വെടിനിർത്തലും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസ്
‘എല്ലാ ബന്ദികളുടെ മോചനവും ഗസ്സയിലെ വെടിനിർത്തലും കൈയെത്തും ദൂരത്താണ്! ഹമാസിന്റെ പ്രതിബദ്ധത കാലതാമസമില്ലാതെ പിന്തുടരണം. സമാധാനത്തിലേക്കുള്ള നിർണായക പുരോഗതി കൈവരിക്കാൻ നമുക്ക് ഇപ്പോൾ അവസരമുണ്ട്. ഐക്യരാഷ്ട്രസഭയിലെ ശ്രമങ്ങൾക്ക് അനുസൃതമായി, അമേരിക്കക്കും ഇസ്രായേലികൾ, ഫലസ്തീൻകാർ, അന്താരാഷ്ട്ര സഖ്യകക്ഷികൾ എന്നിവരുമായി ഫ്രാൻസ് യോജിച്ച് പ്രവർത്തിക്കും. സമാധാനത്തിനായുള്ള പ്രതിബദ്ധതയ്ക്ക് പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും ഞാൻ നന്ദി അറിയിക്കുന്നു’- പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.
ജർമ്മനി
സംഘർഷത്തിൽ ‘സമാധാനത്തിനുള്ള ഏറ്റവും നല്ല അവസരമാണ്’ പദ്ധതിയെന്നും ഇരുപക്ഷത്തോടുമുള്ള ട്രംപിന്റെ ആഹ്വാനത്തെ ജർമ്മനി പൂർണ്ണമായും പിന്തുണക്കുന്നുവെന്നും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു.
യു.കെ
ഹമാസ് നിർദേശങ്ങൾ അംഗീകരിച്ചതിനെ സുപ്രധാന ചുവടുവെപ്പ് എന്നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശേഷിപ്പിച്ചത്. കരാർ കാലതാമസമില്ലാതെ നടപ്പിലാക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാവണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.