ബാങ്കോക്: ലോക ഹിന്ദു കോൺഗ്രസിന് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ തുടക്കമായി. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും.
ജയസ്യ ആയതനം ധർമഃ (ധർമമാണ് വിജയത്തിന്റെ കേന്ദ്രം) പ്രമേയത്തിൽ ഇംപാക്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 61 രാജ്യങ്ങളിൽനിന്നുള്ള 2200ലധികം പ്രതിനിധികൾ സംബന്ധിക്കുന്നു.
സമ്പദ്വ്യവസ്ഥ, വിദ്യാഭ്യാസ മേഖല, മാധ്യമങ്ങൾ, രാഷ്ട്രീയം, സംഘടനകൾ, നേതൃരംഗത്ത് ഹിന്ദു സ്ത്രീകളുടെയും യുവാക്കളുടെയും സംഭാവനകൾ തുടങ്ങിയ തലക്കെട്ടുകളിൽ ഊന്നിയാണ് ചർച്ചകൾ. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ആദ്യദിനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഭൗതികവാദം, കമ്യൂണിസം, മുതലാളിത്തം തുടങ്ങിയ പരീക്ഷണങ്ങളിൽ ഇടറിവീഴുന്ന ലോകത്തിന് ഇന്ത്യ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പാത കാണിച്ചുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ സുശീൽ സറഫ്, മാതാ അമൃതാനന്ദമയി, വിശ്വഹിന്ദു പരിഷത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ, ഭാരത് സേവാശ്രമം സംഘ് വർക്കിങ് പ്രസിഡന്റ് സ്വാമി പൂർണാശ്രമാനന്ദ്, ഹിന്ദുയിസം ടുഡേ യു.എസ്.എ പ്രസാധകൻ സദ്ഗുരു ബോധിനാഥ വെയ്ലൻസ്വാമി തുടങ്ങിയവർ നേതൃത്വം നൽകുന്നു. 2014ൽ ഡൽഹിയും 2018ൽ യു.എസിലെ ഷികാഗോയുമാണ് മുമ്പ് വേൾഡ് ഹിന്ദു കോൺഗ്രസിന് ആതിഥ്യമരുളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.