കുടുംബബന്ധത്തിൽ വളരെ അമൂല്യമാണ് മുത്തശ്ശിയും മുത്തശ്ശനും. പേരക്കുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെക്കാൾ പ്രിയമായിരിക്കും അവരെ. സ്വന്തം മക്കളോട് കാണിച്ചിരുന്ന കടുംപിടിത്തങ്ങളൊന്നും മുത്തശ്ശിയും മുത്തശ്ശനും പേരക്കുട്ടികളോട് കാണിക്കില്ല. മുത്തശ്ശനും പേരക്കുട്ടികളും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് കെല്ലി ഗ്ലാസ്ഫോർഡ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരിക്കയാണ്. പിതാവ് മരിച്ചപ്പോൾ കെല്ലി വീടിനുപുറത്ത് ഒരു മരത്തൈ നട്ടു. അഛൻ മരിച്ച് ഏഴുമാസം കഴിഞ്ഞാണ് അവർക്ക് ഇളയ മകൻ ജനിച്ചത്. ഓരോ ദിവസവും മരം വളരുന്നതും നോക്കി അവരിരുന്നു.
പിതാവ് തങ്ങളെ തന്നെ നോക്കിയിരിക്കുന്നതായി മരം കാണുമ്പോൾ കെല്ലിക്കു തോന്നും. പേരക്കുട്ടികൾ മരത്തിന് മുത്തശ്ശൻ മരം എന്നാണ് പേരിട്ടത്. മേയ് ആറിനു പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെയായി 33 ലക്ഷത്തിലേറെ ആളുകൾ കണ്ടു. എല്ലാവർഷവും മൂത്ത മകന്റെ പിറന്നാളിന് ആ മരത്തിനൊപ്പം ചേർന്ന് ഫോട്ടോയെടുക്കും. മുത്തശ്ശന്റെ ഓർമകൾക്കൊപ്പം പേരക്കുട്ടികളും വളർന്നു. മരത്തെ കാണുമ്പോൾ കുട്ടികൾ മുത്തശ്ശാ എന്നു വിളിക്കും. ബാറ്റും ബോളും കളിക്കുമ്പോൾ ബോൾ മരത്തിലിടിക്കുമ്പോൾ അവർ ക്ഷമ ചോദിക്കും.
മുത്തശ്ശൻ മരവും പേരക്കുട്ടികളും തമ്മിലുള്ള സ്നേഹത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വിവരിക്കുന്നുണ്ട്. വളരെ പ്രചോദനം നൽകുന്ന പ്രവൃത്തിയെന്നായിരുന്നു പോസ്റ്റിനു താഴെ ഒരാൾ പ്രതികരിച്ചത്. കുടുംബത്തിൽ വിശേഷപ്പെട്ട കാര്യങ്ങൾ നടക്കുമ്പോൾ ഓർമക്കായി മരംനടുന്നതിനെ കുറിച്ച് മറ്റൊരാളും എഴുതി. മരങ്ങൾ മനുഷ്യരെ പോലെ വളരുന്നതെങ്ങനെയെന്ന് നിങ്ങൾ കാണിച്ചു തന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.