ഒമിക്രോണിന് വേണ്ടി 'ക്സി'യും 'ന്യു'വും ഒഴിവാക്കി ലോകാരോഗ്യ സംഘടന; കാരണം രസകരം

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്‍റെ പുതിയൊരു ജനിതക വകഭേദം വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സ്ഥിരീകരിച്ച, കൂടുതൽ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഈ വകഭേദത്തിന് 'ഒമിക്രോൺ' എന്ന ഗ്രീക്ക് അക്ഷരമാണ് പേരായി നൽകിയത്. കോവിഡ് വകഭേദങ്ങൾ രാജ്യങ്ങളുടെ പേരിലോ സ്ഥലങ്ങളുടെ പേരിലോ അറിയപ്പെടുന്നത് സൃഷ്ടിക്കുന്ന വേർതിരിവുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാല വൈറസ് വകഭേദങ്ങൾക്ക് നൽകിത്തുടങ്ങിയത്.

ആൽഫ, ബീറ്റ, ഗാമ തുടങ്ങിയ പേരുകളാണ് കൊറോണയുടെ വിവിധ വകഭേദങ്ങൾക്ക് ക്രമത്തിൽ നൽകിയത്. ഗ്രീക്ക് അക്ഷരമാലയിലെ 15ാമത് അക്ഷരമാണ് 'ഒമിക്രോൺ'.

24 അക്ഷരങ്ങളാണ് ഗ്രീക്കിലുള്ളത്. അക്ഷരമാലാ ക്രമം നോക്കുകയാണെങ്കിൽ പുതിയൊരു വകഭേദത്തിന് 'ക്സി' (Xi) എന്നോ 'ന്യു' (Nu) എന്നോ ആയിരുന്നു പേര് നൽകേണ്ടിയിരുന്നത്. എന്നാൽ, 13ഉം 14ഉം അക്ഷരങ്ങളായ ഇവയെ മറികടന്നാണ് 15ാം അക്ഷരമായ ഒമിക്രോൺ തെരഞ്ഞെടുത്തത്. പുതിയ വൈറസിന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതെന്തുകൊണ്ടാണെന്ന് നെറ്റിസൺസ് ചോദ്യമുയർത്തിയിരുന്നു.

ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ തന്നെ ഇതിന് വിശദീകരണം നൽകുകയും ചെയ്തിരുന്നു. തെറ്റിദ്ധാരണയും ചില പ്രദേശങ്ങളെ കുറ്റപ്പെടുത്താനുള്ള സാധ്യതയും ഒഴിവാക്കാനാണ് രണ്ട് അക്ഷരങ്ങൾ വിട്ടതെന്നാണ് വിശദീകരണം.


ഇംഗ്ലീഷിൽ Nu എന്നെഴുതുന്ന ഗ്രീക്ക് അക്ഷരം ന്യൂ (New) എന്ന വാക്കിന്‍റെ സമാന ഉച്ചാരണമാണ്. പുതിയ വൈറസ് വകഭേദത്തിന് ഈ പേര് നൽകിയാൽ 'പുതിയ' എന്ന അർഥമാണോയെന്ന് തെറ്റിദ്ധരിക്കപ്പെടും.


അതുപോലെ, ഇംഗ്ലീഷിൽ Xi എന്നെഴുതുന്ന ഗ്രീക്ക് അക്ഷരത്തിന് 'ക്സി' എന്നാണ് ഉച്ചാരണം. 'ക്സി' എന്നത് ചൈനയിലെ സാധാരണയായ ഒരു പേരാണ്. ഒരു പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഈ അക്ഷരവും ഒഴിവാക്കിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ പേര് ഇതിന് ഉദാഹരണമാണ്. (Xi Pinping). 


(ഗ്രീക്ക് അക്ഷരമാല)

 


Tags:    
News Summary - Why WHO Skipped Two Greek Alphabets Nu and Xi While Naming the New COVID-19 Variant Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.