റഷ്യൻ ബന്ധം കുറക്കാൻ മോദിക്ക് മേൽ പാശ്ചാത്യ സമ്മർദ്ദം; നീക്കം വിജയിക്കില്ലെന്നും പുടിൻ

മോസ്കോ: റഷ്യയുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ പരിമിതപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നത് ആഗോള നയതന്ത്ര ബന്ധങ്ങളെ ദോഷമായി ബാധിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.

മോസ്കോയുമായുള്ള ബന്ധത്തിൽ ന്യൂഡൽഹിയെ സമ്മർദ്ദത്തിലാക്കാനുള്ള വാഷിങ്ടണിന്റെ ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.150 കോടിയോളം ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു വൻശക്തിക്ക് മേൽ ബാഹ്യശക്തികൾക്ക് നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും പുടിൻ ഓർമ്മിപ്പിച്ചു. 

നരേന്ദ്ര മോദിക്ക് മേൽ രാഷ്ട്രീയമായി സമ്മർദ്ദം ചെലുത്താനുള്ള പാശ്ചാത്യ നീക്കങ്ങൾ വിപരീത ഫലമേ ഉണ്ടാക്കൂ എന്നും ഇത് അന്താരാഷ്ട്ര നയതന്ത്രത്തിന് വലിയ ദോഷമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന നയതന്ത്ര, സാമ്പത്തിക സഹകരണത്തെ റഷ്യ സ്വാഭാവികമായ വികാസമായിട്ടാണ് കാണുന്നത്. ഇത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല.

കർശനമായ പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വരും വർഷങ്ങളിൽ 100 ബില്യൺ ഡോളർ (ഏകദേശം 8.3 ലക്ഷം കോടി രൂപ) കവിയുമെന്ന ആത്മവിശ്വാസം പുടിൻ പ്രകടിപ്പിച്ചു.  ഇന്ത്യ റഷ്യയുടെ ഏറ്റവും വിശ്വസനീയമായ പങ്കാളിയാണെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു വിള്ളലും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Western pressure on Modi to reduce ties with Russia: Vladimir Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.