തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ യു.എസുമായി തയാറാക്കിയ പ്രാഥമിക ധാരണപത്രത്തിന്റെ കരടിലെ പ്രധാന ഭാഗങ്ങൾ പുറത്തുവിട്ട് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. യു.എസ് സൈന്യം ഇറാന്റെ സമീപപ്രദേശങ്ങളിൽനിന്ന് പിന്മാറുകയും നാവിക ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹുർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽഗതാഗതം പഴയ രീതിയിലേക്ക് മാറ്റാമെന്നാണ് ഇറാന്റെ ഉപാധികളിലൊന്ന്.
കരട് നിർദേശപ്രകാരം ഹുർമുസിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം ഒരു മാസത്തിനകം യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മടക്കിക്കൊണ്ടുവരാനാകുമെന്നും ഇറാൻ പറയുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലവിലെ ധാരണപത്രത്തിലില്ലെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ഇക്കാര്യം ഐ.ആർ.ജി.സിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വാർത്തയോടും ഐ.ആർ.ജി.സിയോടും യു.എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലോകത്തെ എണ്ണവിതരണത്തിന്റെ നിർണായക പാതയായ ഹുർമുസ് തുറക്കാമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. അതിന് നാവിക ഉപരോധം പിൻവലിക്കണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. കഴിഞ്ഞദിവസം, യു.എസ് സൈന്യത്തിന്റെ പശ്ചിമേഷ്യൻ സാന്നിധ്യം അധികകാലമുണ്ടാവില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ പ്രഖ്യാപിച്ചിരുന്നു. ഇതേകാര്യംതന്നെയാണ് ധാരണപത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.