വാഷിങ്ടൺ: 'യുദ്ധം മാസങ്ങൾക്കല്ല, ആഴ്ചകൾക്കുള്ളിൽ അവസാനിക്കു'മെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 'ഇറാനിലേക്ക് കരസേനയെ അയക്കേണ്ടതില്ലെന്നും അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ ഇതിനോടകം തന്നെ കൈവരിക്കാൻ സാധിക്കുമെന്നും ഇറാനെതിരെയുള്ള സൈനിക നടപടികൾ അതിന്റെ അവസാന ഘട്ടത്തിലാണെ'ന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
ഇറാനിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലേക്ക് ഇറക്കേണ്ട സാഹചര്യമില്ലെന്നും. നിലവിൽ നിശ്ചയിച്ചിട്ടുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ വ്യോമസേനയും മറ്റ് അത്യാധുനിക സംവിധാനങ്ങളും മതിയെന്നാണ് വിലയിരുത്തൽ.
എങ്കിലും, അപ്രതീക്ഷിതമായ എന്ത് സാഹചര്യവും നേരിടാൻ പ്രസിഡന്റ് ട്രംപിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി ചില സൈനിക യൂണിറ്റുകളെ മേഖലയിൽ നിലനിർത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിൻെറ സൈനിക ശേഷി ദുർബലപ്പെടുത്തുകയും അവർ ആണവായുധങ്ങൾ നിർമിക്കുന്നത് തടയുകയുമാണ് പ്രധാന ലക്ഷ്യം. ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്.
ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ശക്തമായത്. നിലവിൽ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ അമേരിക്കൻ സൈന്യം നിരീക്ഷിച്ചുവരികയാണ്.
ഫെബ്രുവരി 28-ന് ആരംഭിച്ച ഈ സംയുക്ത സൈനിക നീക്കം ഇപ്പോൾ നിർണ്ണായക ഘട്ടത്തിലാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി അമേരിക്ക അവകാശപ്പെടുന്നു.എന്നാൽ ചർച്ചകൾ യഥാർത്ഥത്തിൽ ആരംഭിച്ചിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാനുമായുള്ള കൂടിക്കാഴ്ചകൾ ഉടൻ നടന്നേക്കാമെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സൂചിപ്പിച്ചു.
15 ഇന സമാധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഗൗരവകരമായ ചർച്ചകൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
നിലവിൽ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 12 യു.എസ് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.