നദിയിൽ നിന്ന് കിട്ടിയ പഴ്സുമായി ജെറമി ബിൻഗ്ഹാം

നദിയിൽ നഷ്ടപ്പെട്ട പഴ്സ് 28 വർഷത്തിന് ശേഷം ഉടമയെ തേടിയെത്തി

28 വർഷം മുമ്പ് നഷ്ടപ്പെട്ട ഒരു വസ്തു അത്രയും കാലത്തിന് ശേഷം വീണ്ടും കൈകളിലെത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എന്നാൽ, അങ്ങനെയൊരു അപ്രതീക്ഷിത തിരിച്ചുകിട്ടലിന്‍റെ ആഹ്ലാദത്തിലാണ് യു.എസിലെ ഷിക്കാഗോക്കാരിയായ ജൂലിയ സിയ. വർഷങ്ങൾക്ക് മുമ്പ് നദിയിൽ നഷ്ടപ്പെട്ട പഴ്സാണ് സിയയെ തേടിയെത്തിയത്.

1995ലാണ് സിയക്ക് തന്‍റെ പഴ്സ് അരിസോണയിലെ നദിയിൽ നഷ്ടമാകുന്നത്. തന്‍റെ ബന്ധുവായ അർനോൾഡിനെ കാണാൻ ബോയ്ഫ്രണ്ട് പോളിന്‍റെ കൂടെയെത്തിയതായിരുന്നു ഇവർ. അർനോൾഡ് പുതിയൊരു ട്രക്ക് വാങ്ങിയിരുന്നു. അതുമായി ഓഫ് റോഡ് യാത്രക്ക് ഇറങ്ങിയതായിരുന്നു സംഘം. നദി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിൽ വെള്ളംകയറി. വളരെ പണിപ്പെട്ടാണ് ഇവർ വാഹനത്തിൽ നിന്ന് പുറത്തുകടന്നത്. ട്രക്ക് പിന്നീട് കൂടുതൽ ആളുകളെത്തി കരക്കെത്തിച്ചു. അതിനിടെ സിയക്ക് തന്‍റെ പഴ്സ് നഷ്ടമായിരുന്നു.

ഈയടുത്ത കാലത്താണ് ജെറമി ബിൻഗ്ഹാം എന്ന അരിസോണക്കാരൻ തന്‍റെ സഹോദരങ്ങളെയും മക്കളെയും കൂട്ടി ഇതേ നദിയിൽ കയാക്കിങ്ങിനെത്തിയത്. നദിയിൽ 15 അടി താഴെയായി ഒരു പഴ്സ് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

 

ഏതാനും ക്രെഡിറ്റ് കാർഡുകളും ജൂലിയ സിയയുടെ പേരിലുള്ള ഡ്രൈവിങ് ലൈസൻസുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. പഴ്സ് വലിയ കേടുപാടുകളില്ലാതെ കിട്ടിയതിൽ ജെറമിക്കും വലിയ കൗതുകമുണ്ടായി. തുടർന്ന് സിയയെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം തുടങ്ങി. ഒടുവിൽ സിയയെ കണ്ടെത്തുകയും പോസ്റ്റൽ വഴി പഴ്സ് അയച്ചുകൊടുക്കുകയുമായിരുന്നു. 

Tags:    
News Summary - Wallet lost in Arizona river returning to owner after nearly 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.