മഡ്രിഡ്: അഞ്ചു പതിറ്റാണ്ട് മുമ്പ് ജനറൽ ഫ്രാങ്കോയുടെ അന്ത്യത്തോടെ ജനാധിപത്യത്തിലേക്ക് തിരിച്ചുനടന്ന സ്പെയിനിൽ വീണ്ടും അധികാര പങ്കാളിത്തത്തിനൊരുങ്ങി തീവ്രവലതുപക്ഷം. പെഡ്രോ സാഞ്ചെസ് നയിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ വീഴുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പിൽ സ്പാനിഷ് ജനത വോട്ട് ചെയ്തു. ആൽബർട്ടോ നൂനസ് ഫീജൂവിന്റെ നേതൃത്വത്തിലുള്ള പീപ്ൾസ് പാർട്ടി മേൽക്കൈ നേടുമെന്നാണ് സൂചന.
ഇവർക്ക് ഭരിക്കാൻ തീവ്ര വലതുപക്ഷ കക്ഷിയായ സാന്റിയാഗോ അബാസ്കലിന്റെ ‘വോക്സു’മായി സഹകരിക്കേണ്ടിവരും. അതോടെ, 1970കളിൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യം അവസാനിച്ച ശേഷം ആദ്യമായി രാജ്യത്തെ ഭരണത്തിൽ തീവ്ര വലതുപക്ഷം പങ്കാളിയായേക്കും. പ്രാദേശികസമയം രാവിലെ ഒമ്പതിന് ആരംഭിച്ച വോട്ടിങ് രാത്രി എട്ടുവരെ നീണ്ടു. വോട്ടിങ് അവസാനിക്കുന്ന മുറക്ക് വോട്ടർ സർവേകൾ പുറത്തുവിടും.
2018 മുതൽ രാജ്യം ഭരിക്കുന്ന സാഞ്ചെസിനെതിരായ കടുത്ത ജനവികാരം വോട്ടാകുമെന്നാണ് സൂചന. രാജ്യം കടുത്ത ചൂടിൽ പൊള്ളുന്നതിനിടെ നടന്ന വോട്ടെടുപ്പിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ കക്ഷി വൻ പരാജയം നേരിട്ടതിനു പിന്നാലെ രണ്ടു മാസം മുമ്പാണ് സാഞ്ചസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ ആരും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സർവേകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.