ഇറാനെ പേടി? ബ്രിട്ടനിലെ വ്യോമതാവളത്തിൽനിന്ന് ബോംബർ വിമാനങ്ങൾ പിൻവലിച്ച് അമേരിക്ക

ലണ്ടൻ: ഇറാനുമായി യുദ്ധം രൂക്ഷമാകുന്നതിനിടെ, ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമത്താവളത്തിൽ നിന്ന് തങ്ങളുടെ ബി-1 ബോംബർ വിമാനങ്ങൾ അടിയന്തരമായി പിൻവലിച്ച് യു.എസ്. സുരക്ഷാ ഭീഷണികൾ മുൻനിർത്തിയാണ് നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി. താവളത്തിലുണ്ടായിരുന്ന ഒരു ഡസനോളം ബി-1 ബോംബർ വിമാനങ്ങളാണ് അമേരിക്കയിലേക്ക് പൂർണമായി തിരികെ കൊണ്ടുപോയത്.

വ്യോമത്താവളത്തിന് സമീപം സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ കഴിഞ്ഞ ആഴ്ചകളിൽ അഞ്ച് പേരെയും ഒരു ബ്രിട്ടീഷ്-ഇറാനിയൻ പൗരനെയും യു.കെ ​പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഭീകരവാദ അറസ്റ്റുകൾക്ക് പിന്നാലെയാണ് വിമാനങ്ങൾ പിൻവലിക്കാനുള്ള അടിയന്തര തീരുമാനം ഉണ്ടായത്. സംഭവത്തിൽ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ബ്രിട്ടീഷ് അധികാരികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എങ്കിലും ഇറാൻ ഈ ആരോപണം ശക്തമായി നിഷേധിച്ചിട്ടുണ്ട്.

ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടയിൽ അമേരിക്കൻ വ്യോമസേനക്ക് നിർണായക പങ്ക് വഹിച്ച താവളമാണ് ഫെയർഫോർഡ്. ഇറാനെതിരായ നിലവിലെ യുദ്ധത്തിൽ യു.എസിനൊപ്പം നേരിട്ട് ചേരുന്നതിൽ ബ്രിട്ടൻ തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഫെയർഫോർഡ് ഉൾപ്പെടെയുള്ള ബ്രിട്ടീഷ് സൈനിക താവളങ്ങൾ ‘പ്രതിരോധ ആവശ്യങ്ങൾക്കായി’ ഉപയോഗിക്കാൻ യു.എസിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിരുന്നു.

 തുടർന്ന് തങ്ങളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിക്കാൻ അവസരമൊരുക്കിയ ഫെയർഫോർഡ് വ്യോമതാവളം തങ്ങളുടെ നിയമപരമായ ലക്ഷ്യമാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (​ഐ.ആർ.ജി.സി) നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ സുരക്ഷാ ഭീഷണികളെത്തുടർന്ന് അമേരിക്കൻ സേന തങ്ങളുടെ വിമാനങ്ങൾ സ്വന്തം രാജ്യത്തേക്ക് തിരികെ വിളിച്ചതോടെ പശ്ചിമേഷ്യയിലെ യുദ്ധരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് നിരീക്ഷകർ കരുതുന്നത്.

എന്നാൽ ബി-1, ബി-2, ബി-52 ഉൾപ്പെടെയുള്ള യു.എസ് ബോംബർ വിമാനങ്ങൾ കൃത്യമായ ആഗോള ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ സജ്ജമാണെന്നും അമേരിക്കയിൽനിന്ന് തന്നെ വിമാനങ്ങൾ പറത്തിയും തിരിച്ചിറക്കിയും ലോകത്തിന്റെ ഏത് ഭാഗത്തും എപ്പോൾ വേണമെങ്കിലും പ്രവർത്തനം നടത്താൻ കഴിയുമെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്.

Tags:    
News Summary - US withdraws B-1 bomber aircraft from UK’s Fairford base amid Iran fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.