നിർദേശം പാലിച്ചില്ല; രണ്ട് ഇറാൻ നയന്ത്ര ഉദ്യോഗസ്ഥരെ യു.എസിൽ നിന്ന് പുറത്താക്കി
വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ യു.എൻ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലെത്തിയ ഇറാനിയൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങളെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. രാജ്യം വിടാനുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചാണ് ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യു.എസും ഇറാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നടപടി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെടുന്നതും വീണ്ടും സംഘർഷ സാധ്യത വർധിക്കുന്നതുമാണ് ഈ നടപടിക്ക് കാരണം.
രണ്ട് ഇറാനിയൻ നയതന്ത്രജ്ഞരോടും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമേരിക്ക വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ന്യൂയോർക്കിൽ തന്നെ തുടരുകയായിരുന്നു. ഇതോടെ ഉടനടി രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും ഭരണകൂടം നോട്ടീസ് നൽകുകയായിരുന്നു.
“സെക്രട്ടറി റൂബിയോ കാര്യങ്ങൾ വളരെ ഗൗരവമായാണ് കാണുന്നത്. യു.എൻ ജനറൽ അസംബ്ലി കഴിഞ്ഞ് നാളുകൾ കഴിഞ്ഞിട്ടും ഇറാനിയൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടർന്നു. ഇപ്പോൾ അവരെ രാജ്യത്തുനിന്ന് പുറത്താക്കിയിരിക്കുന്നു,” യു.എസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് പറഞ്ഞു.
മുഴുവൻ ഇറാൻ പ്രതിനിധി സംഘവും ഉടൻ തന്നെ രാജ്യം വിടണമെന്ന് ഉറപ്പാക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച ഇറാനിയൻ മിഷന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവുകൾ ലംഘിച്ച് പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടർന്നു. ഇവരിൽ ഒരാൾ വെള്ളിയാഴ്ച രാത്രിയും രണ്ടാമത്തെയാൾ ശനിയാഴ്ച രാവിലെയുമാണ് ന്യൂയോർക്കിൽ നിന്ന് മടങ്ങിയത്.
രാജ്യം വിടാനുള്ള നിർദ്ദേശം പാലിക്കാത്ത ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ഭരണകൂടം നടപടി സ്വീകരിച്ചതോടെ, യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിന്റെ ഏറ്റവും പുതിയ സൂചനയായി ഈ സംഭവം മാറി.
അതേസമയം, ഇറാന്‍റെ കാര്യം ലളിതമാക്കണോ കഠിനമാക്കണോ എന്ന് യു.എസ് തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. "ഇറാനെക്കുറിച്ച് ഞാൻ എടുക്കേണ്ട ഒരു തീരുമാനമുണ്ട്. ഇറാൻ തകർന്നടിഞ്ഞിരിക്കുകയാണ്. അതിനാൽ ഇവിടെയുള്ള ഒരേയൊരു ചോദ്യം, ഇത് എളുപ്പമുള്ള രീതിയിലായിരിക്കുമോ അതോ കഠിനമായ രീതിയിലായിരിക്കുമോ എന്നത് മാത്രമാണ്. ഞങ്ങൾ അത് എളുപ്പമുള്ള രീതിയിലോ കഠിനമായ രീതിയിലോ ആക്കും"- വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ ഇറാനെതിരെ വരാനിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. അതേസമയം സാഹചര്യം അനുകൂലമായി പുരോഗമിക്കുകയാണെന്നും ഇറാന്‍റെ നില പരുങ്ങലിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം "വളരെ വേഗം" അവസാനിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. സംഘർഷം അവസാനിച്ചുകഴിഞ്ഞാൽ എണ്ണവില കുത്തനെ ഇടിയുമെന്ന് പ്രവചിച്ച അദ്ദേഹം, സാമ്പത്തികമായും സൈനികമായും ടെഹ്‌റാൻ്റെ നില വളരെ മോശമായിരിക്കുകയാണെന്നും വ്യക്തമാക്കി.
ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെതിരെ 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന പേരിൽ വ്യോമാക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.