യുക്രെയ്‌നിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു; ഒരാൾ കൊല്ലപ്പെട്ടു

കിയവ്: യുക്രെയ്‌നിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ രാജീവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള കുസും ഗ്രൂപ്പിന്റെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ പൂർണമായി തകർന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രോണുകൾ പതിച്ച പ്രദേശത്തുനിന്ന് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

1994ൽ ഇന്ത്യൻ മരുന്നുകൾ യുക്രെയ്‌നിലേക്ക് കയറ്റുമതി ചെയ്യുന്ന വിതരണക്കാരായിട്ടാണ് കുസും ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 2002ൽ സ്വന്തം ബ്രാൻഡുകൾ വിപണിയിറക്കാൻ തുടങ്ങിയ കമ്പനി, 2007ൽ ഇന്ത്യയിലും 2009ൽ യുക്രെയ്‌നിലെ സുമിയിലും ഉൽപാദന യൂനിറ്റുകൾ ആരംഭിച്ചു. നിലവിൽ ഒമ്പതിലധികം രാജ്യങ്ങളിൽ അമ്പതിലേറെ ജനറിക് ഉൽപന്നങ്ങൾ വിൽക്കുന്ന ഈ സ്ഥാപനം, ഇന്ത്യ വേരുകളുള്ള ഒരു യുക്രേനിയൻ കമ്പനിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധകാലത്തും തടസ്സങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന സുമി പ്ലാന്റാണ് ഇപ്പോൾ കനത്ത ആക്രമണത്തിന് ഇരയായിരിക്കുന്നത്. കമ്പനിക്ക് കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വേനൽക്കാലം മുതൽ ദിവസേന ഡീസൽ/ജെറ്റ് എൻജിൻ ഘടിപ്പിച്ച വിലകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ചാണ് മോസ്കോ യുക്രെയ്നിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇവയെ പ്രതിരോധിക്കാൻ യുക്രെയ്ൻ വ്യോമസേന കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിൽ, ഏകദേശം 250 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയമായി നിർമ്മിച്ച എഫ്.പി-7 മിസൈലിന്റെ ആദ്യ പോർമുഖ ഉപയോഗം ഈ ആഴ്ച യുക്രെയ്ൻ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Indian-owned pharma plant in Ukraine destroyed in Russian attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.