ഫ്ലൈദുബൈ ആ​ക്രമണം: സഹപൈലറ്റ് ഒറ്റക്കാണ് പ്രവർത്തിച്ചതെന്ന് സൂചന; ഭീകരബന്ധം കണ്ടെത്തിയില്ലെന്ന് ഇസ്രായേൽ

തെൽ അവീവ്: ദുബൈയിൽ നിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിൽ ക്യാപ്റ്റനെ ആക്രമിച്ച് നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് സൂചന. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഭീകര സംഘടനകളുമായോ മറ്റ് സർക്കാരുകളുമായോ ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബർ 30നാണ് ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ ബോയിങ് 737 വിമാനത്തിൽ വെച്ച് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോക്പിറ്റിൽവെച്ച് സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കുകയും, തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കി.

ആക്രമണത്തിന് ശേഷം വിമാനം തകർക്കാൻ സഹപൈലറ്റ് വീണ്ടും ശ്രമം നടത്തിയോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിച്ച ശേഷം വിമാനത്തിലെ രണ്ട് എൻജിൻ ഫ്യുവൽ സ്വിച്ചുകളും റണ്ണിൽ നിന്ന് കട്ടോഫിലേക്ക് മാറ്റാൻ ഇയാൾ ശ്രമിച്ചതായി ഇറ്റാലിയൻ പത്രമായ കൊറിയേര ഡെല്ല സെറയുടെ റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരും ജീവനക്കാരും ചേർന്ന് തടസ്സപ്പെടുത്തിയപ്പോൾ വിമാനം സൗദി മരുഭൂമിയിലേക്ക് ഇടിപ്പിച്ചു തകർക്കാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തെ 'ഭീകരാക്രമണ ശ്രമം' എന്നാണ് യു.എ.ഇ വിശേഷിപ്പിച്ചത്. യു.എ.ഇ, ഇസ്രായേൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന 29കാരനായ അൽ ഹമ്മാമിക്ക് തീവ്രവാദ ചിന്തകളുണ്ടെന്ന സംശയത്തെത്തുടർന്നാണ് അവിടെനിന്ന് മാറ്റിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. പിന്നീട് ഫ്ലൈദുബൈയിൽ ഇയാൾ എട്ട് മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ഇയാൾക്ക് ഇസ്ലാമിക തീവ്രവാദ സ്വാധീനമുണ്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചിരുന്നു. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർ ഇസ്രായേലിലേക്ക് സർവീസ് നടത്തുന്നതിലെ സുരക്ഷാ വീഴ്ചകൾ സംഭവത്തോടെ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് വിദേശ സിവിൽ വ്യോമയാന സുരക്ഷാ നടപടികൾ കർശനമാക്കാൻ ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്. 

Tags:    
News Summary - Flydubai co-pilot likely acted alone; Israeli probe finds no terror link for now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.