ഗുസ്താവ് പെട്രോ
വാഷിങ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലാ് യു.എസിന്റെ നടപടി. ന്യൂയോർക്കിലെ പ്രസംഗത്തിനിടെ പട്ടാളക്കാരോട് ഉത്തരവുകൾ അനുസരിക്കരുതെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നത്.
എന്നാൽ, എന്ത് തരം കുറ്റകൃത്യമാണ് പെട്രോ ചെയ്തതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം യു.എൻ ആസ്ഥാനത്തിന് മുന്നിലെ ഫലസ്തീൻ പ്രതിഷേധത്തിൽ അണിചേർന്നിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ഫലസ്തീൻ വിമോചനത്തിനായി യു.എൻ സൈന്യത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു.
എല്ലാ രാജ്യങ്ങളും ഈ സൈന്യത്തിലേക്ക് ആളുകളെ സംഭാവന ചെയ്യണം. യു.എസിന്റേതിനേക്കാളും വലിയ സൈന്യമായിരിക്കും അത്. മനുഷ്യത്വത്തിന് നേരെ തോക്ക് ചൂണ്ടരുതെന്ന് അദ്ദേഹം യു.എസ് സൈനികരോട് ആവശ്യപ്പെട്ടു. ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയൻ പ്രസിഡന്റിന്റെ വിസ റദ്ദാക്കുമെന്ന് യു.എസ് അറിയിച്ചിരിക്കുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംസാരിക്കുന്നതിന് മുന്നോടിയായി യു.എൻ ആസ്ഥാനത്തിന് മുന്നിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. നെതന്യാഹു പ്രസംഗിക്കാൻ എത്തുന്നത് മുമ്പ് ആളുകൾ കൂട്ടത്തോടെ യു.എൻ പൊതുസഭയുടെ ഹാളിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.
യുനൈറ്റഡ് നേഷൻസ്: ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അത് തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും അഭിപ്രായങ്ങൾ അദ്ദേഹം തള്ളി. അത് തെറ്റായ ആരോപണമാണെന്നുപറഞ്ഞ നെതന്യാഹു, ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധം മാത്രമാണെന്ന് അവകാശപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇസ്രായേൽ പ്രധാനമന്ത്രി തള്ളി. ‘ജറൂസലമിന് ഒരു മൈൽ അകലെ ഫലസ്തീൻ രാഷ്ട്രത്തിന് അനുമതി നൽകുന്നത് സെപ്റ്റംബർ 11നുശേഷം ന്യൂയോർക്കിൽ അൽഖാഇദക്ക് ഇടംകൊടുക്കുന്നതു പോലെയാണ്’ -അദ്ദേഹം പറഞ്ഞു. ഇതു കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന യു.എസ് പ്രതിനിധി സംഘം എഴുന്നേറ്റു നിന്ന് കൈയടിക്കുന്നുണ്ടായിരുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെയും 12 ദിവസം നീണ്ട ഇറാൻ ആക്രമണത്തെയും നെതന്യാഹു ന്യായീകരിച്ചു. ഇസ്രായേലിന്റെ നിലപാടിനെതിരെ നിരവധി രാജ്യങ്ങൾ സംസാരിച്ചു കഴിഞ്ഞ ശേഷമായിരുന്നു നെതന്യാഹുവിന്റെ ഊഴം.
നിരവധി അറബ്, മുസ്ലിം, ആഫ്രിക്കൻ രാജ്യങ്ങളുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും പ്രതിനിധികൾ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുസഭയെ അഭിസംബോധന ചെയ്ത നിരവധി ലോകരാജ്യങ്ങൾ ഗസ്സ ആക്രമണം നിർത്തണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെ തുടർന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിഡിയോ വഴിയാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.