വാഷിങ്ടൺ: പുരാതന യുദ്ധകാല നിയമമായ ഏലിയൻസ് എനിമീസ് ആക്ട് പ്രകാരം വിദേശികളെ നാട് കടത്തുന്നത് തടഞ്ഞ് യു.എസ് സുപ്രീം കോടതി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകുടം ഈ നിയമം ഉപയോഗിച്ച് നൂറുകണക്കിന് വിദേശികളെ എൽ സാൽവദോറിലേക്ക് നാട് കടത്തിയിരുന്നു.
എമിഗ്രേഷൻ കസ്റ്റഡിയിലുള്ള രണ്ട് വെനസ്വേലൻ പൗരന്മാരെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയെ തുടർന്നാണ് താൽക്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവ്.
'കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഒരു ആളെയും അമേരിക്കയിൽ നിന്ന് നാടുകടത്തരുതെന്ന് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീം കോടതിയിലെ ഒമ്പത് ജസ്റ്റിസുമാരിൽ രണ്ട് പേർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി.
1798 ഏലിയൻ എനിമീസ് നിയമപ്രകാരം എമിഗ്രേഷൻ അധികൃതർ കുടിയൊഴിപ്പിക്കൽ പുനരാരംഭിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ (എ.സി.എൽ.യു) സമർപ്പിച്ച അടിയന്തര അപ്പീലിനെ തുടർന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
1798ലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വെനസ്വേലന്‍ കുടിയേറ്റക്കാരെ നാടുകടത്തരുതെന്ന് ഇതിന് മുമ്പ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം ഗുണ്ടാസംഘങ്ങളെന്ന് ആരോപിച്ച് 200ലധികം വെനസ്വേലക്കാരെ എല്‍ സാല്‍വദോറിലെ സൂപ്പര്‍മാക്സ് ജയിലിലേക്ക് നാടുകടത്തിയിരുന്നു.
വെനിസ്വേലൻ സംഘമായ ട്രെൻ ഡി അരാഗ്വയിലെ അംഗങ്ങളാണെന്ന് ആരോപിക്കപ്പെടുന്ന 137 കുടിയേറ്റക്കാരെ ഇതിനകം ഈ നിയമപ്രകാരം നാടുകടത്തിയിട്ടുള്ളതായും സർക്കാർ പറയുന്നു.
സുപ്രീം കോടതിയുടെ വിധിയിൽ ഇതുവരെ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. കോടതി താൽക്കാലികമായി കുടിയേറ്റം തടഞ്ഞതിൽ ആശ്വാസമുണ്ട്. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ . യാതൊരു നടപടിക്രമങ്ങളുമില്ലാതെ ആളുകൾക്ക് എൽ സാൽവദോറൻ ജയിലിൽ കഴിയേണ്ടിവരുമായിരുന്നുവെന്നും എ.സി.എൽ.യു അഭിഭാഷകൻ പ്രതികരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.