യു.എസ്-ഇറാൻ യുദ്ധം: കരാറിൽ പുതിയ ആവശ്യങ്ങളുമായി അമേരിക്ക; കടുത്ത നിലപാടിൽനിന്നുള്ള അയവെന്ന് വിദഗ്ധർ
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണ ശേഷിയിൽ കാര്യമായ കുറവു വരുത്തണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പുവരുത്താൻ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനം കൈവശം വെക്കുന്നത് ഒഴിവാക്കണമെന്നാണ് വൻസിന്റെ വാദം. ഇത് പൂർണമായും ഉപേക്ഷിക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്ന വാഷിങ്ടണിന്റെ കടുത്ത നിലപാടിൽ നിന്നുള്ള അയവായിട്ടാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
ആണവായുധമില്ലെന്ന് ഉറപ്പാക്കാൻ ഇറാൻ ഉയർന്ന സമ്പുഷ്ടീകരണ പരിപാടി മാറ്റണമെന്ന് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടു. ‘നിങ്ങൾക്ക് ആണവായുധം വേണ്ടെങ്കിൽ പിന്നെ എന്തിനാണ് 60 ശതമാനം സമ്പുഷ്ടീകരിച്ച ഇന്ധനം?’- എന്ന് അദ്ദേഹം ചോദിച്ചു.
ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പാടില്ലെന്നും, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഏഥൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അതേസമയം, യു.എസുമായുള്ള ചർച്ചകൾ അർഥശൂന്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ചർച്ചകൾക്ക് പിന്നാലെ യു.എസ് തങ്ങളെ മൂന്ന് തവണ ആക്രമിച്ചതായും, ഇസ്‍ലാമിക റിപ്പബ്ലിക്കിനെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്ക് മാത്രമെ സംഘർഷം അവസാനിപ്പിക്കാൻ സാധിക്കൂ എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘച്ചി വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത അദ്ദേഹം പൂർണമായി തള്ളിക്കളഞ്ഞില്ല.
സെപ്റ്റംബർ അവസാനത്തോടെ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ ഇറാൻ ഒരു പുതിയ നിർദ്ദേശം അവതരിപ്പിച്ചിരുന്നുവെങ്കിലും ഡൊണാൾഡ് ട്രംപ് അത് തള്ളിക്കളയുകയായിരുന്നു. എല്ലാ മേഖലകളിലെയും പോരാട്ടം അവസാനിപ്പിക്കുക, നാവിക ഉപരോധവും എണ്ണ ഉപരോധവും പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
ലാൻകാസ്റ്റർ സർവകലാശാലയിലെ പ്രഫസറായ സൈമൺ മബോണിന്റെ അഭിപ്രായത്തിൽ, യുഎസ് ആണവായുധ സമ്പുഷ്ടീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ പ്രധാനമായും പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.