അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിട്ടുണ്ടാവാമെന്ന് യു.എസ്

വാഷിങ്ടൺ: അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഗസ്സയിൽ ലംഘിച്ചിട്ടുണ്ടാവാമെന്ന് യു.എസ്. അമേരിക്കയുമായുള്ള ഉടമ്പടി പ്രകാരം ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ചില്ലെന്ന സംശയമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൂർണമായ വിവരങ്ങൾ യു.എസിന് ലഭിച്ചിട്ടില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച വൈകിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇസ്രായേൽ ഉൾപ്പടെ ആറ് രാജ്യങ്ങൾക്ക് യു.എസ് നൽകിയ ആയുധങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നതിൽ പരിശോധന നടത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് വൈറ്റ് ഹൗസാണ് നിർദേശം നൽകിയത്. റിപ്പോർട്ട് പ്രകാരം ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ പ്രതിരോധസേന ലംഘിച്ചുവെന്നാണ് യു.എസ് അറിയിക്കുന്നത്. ഗസ്സയിൽ ഹമാസിൽ നിന്നും വലിയ ഭീഷണിയാണ് ഇസ്രായേൽ നേരിടുന്നതെന്നും യു.എസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, യു.എസ് ആയുധങ്ങൾ നിയമപരമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇസ്രായേലിൽ നിന്നും ലഭിച്ച ഉറപ്പുകൾ വിശ്വസനീയമാണെന്നും അതിനാൽ ആയുധ വിതരണം തുടരുമെന്നും യു.എസ് അറിയിച്ചു. ഹമാസ് സിവിലിയൻമാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം മനുഷ്യരെ കവചങ്ങളുമാക്കുന്നു. ഈയൊരു സാഹചര്യത്തിൽ നിയമപരമായി തങ്ങളുടെ ലക്ഷ്യംപൂർത്തീകരിക്കാൻ ഇസ്രായേലിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

യുദ്ധമേഖലകളിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിൽ ഇസ്രായേൽ പ്രതിരോധസേനക്ക് പോരായ്മകളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യു.എസ് മനുഷ്യാവകാശ സംഘടനകളുടെ ഇതുസംബന്ധിച്ച വിലയിരുത്തലുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള യു.എസ് ശ്രമങ്ങളോട് ആദ്യഘട്ടത്തിൽ ഇസ്രായേൽ സഹകരിച്ചില്ലെങ്കിലും ഇപ്പോൾ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും യു.എസ് വിലയിരുത്തുന്നു.

റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. ഇസ്രായേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞിരുന്നു. അതേസമയം, ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.

റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ബൈഡൻ അറിയിച്ചിരുന്നു.

Tags:    
News Summary - US says Israel may have breached international law with American weapons in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.