ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി പുതുക്കി യു.എസ്

വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് കടൽ വഴി കൊണ്ടുപോകുന്ന റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനുള്ള അനുമതി നീട്ടിനൽകി യു.എസ്. ഒരു മാസത്തേക്കാണ് ഉപരോധ ഇളവ് പ്രഖ്യാപിച്ചത് നീട്ടി. വെള്ളിയാഴ്ചയാണ് യു.എസ് ട്രഷറി വകുപ്പ് ഉത്തരവ് ഇറക്കിയത്. മെയ് 16 വരെ റഷ്യൻ എണ്ണ വാങ്ങാനാണ് പുതുക്കിയ അനുമതി.

റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഇളവുകൾ നീട്ടാൻ പദ്ധതിയില്ലെന്ന് ട്രംപിന്റെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പരസ്യമാക്കി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് നിലപാട് തിരുത്തി പ്രഖ്യാപനമുണ്ടായത്. “റഷ്യൻ എണ്ണയുടെ പൊതു ലൈസൻസ് ഞങ്ങൾ പുതുക്കില്ല, ഇറാനിയൻ എണ്ണയുടെ പൊതു ലൈസൻസും പുതുക്കില്ല” ബെസെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 11ന് വരെ 30 ദിവസത്തെക്കായിരുന്നു നേരത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നിവയുമായുള്ള ഇടപാടുകളെ ഇളവിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇളവ് പുതുക്കാനുള്ള തീരുമാനം അമേരിക്കയിൽ ട്രംപിനെതിരെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് ഇറാന്റെയും റഷ്യയുടെയും സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്നാണ് അവർ വാദം.ആഗോള എണ്ണ വിപണത്തിന്‍റെ 20 ശതമാനത്തിലധികം നടക്കുന്ന ഹുർമുസ് കടലിക്ക് ഇറാൻ അടക്കുകയും ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെയായിരുന്ന യു.എസ് തങ്ങളുടെ സഖ്യകക്ഷികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധത്തിൽ ഇളവ് നൽകിയത്.

എന്നാൽ, സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഹുർമുസ് തുറക്കാൻ ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ട്. കടലിടുക്ക് തുറക്കുന്നത് നിബന്ധനകൾക്ക് വിധേയമാണെന്നും നിലവിലെ സാഹചര്യം താത്കാലികം മാത്രമാണെന്നും ഇറാൻ വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ലബനാനിലെ വെടിനിർത്തൽ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമായിരിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലായ്-നിക് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൈനിക കപ്പലുകൾക്കും ഇറാനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടൊപ്പം നിലവിലെ സ്ഥിതിഗതികൾ മാറുകയോ ലബനാനിലെ സാഹചര്യം വഷളാകുകയോ ചെയ്താൽ ജലപാത വീണ്ടും അടക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ലബനാനിൽ ഇസ്രായേൽ ഇനി ബോംബാക്രമണം നടത്തില്ലെന്നും അമേരിക്ക അത് തടഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് രംഗത്ത് വന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹുർമുസിലൂടെയുള്ള യാത്ര ഇനി മുതൽ ഇറാന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - US renews waiver that allowed India to buy Russian oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.