ട്രംപ് പറഞ്ഞാൽ ഇറാനുമേൽ തീമഴ; ഒരുക്കം പൂർത്തിയാക്കി യുഎസ് സൈന്യം
വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്താൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവ് നൽകിയാൽ 96 മണിക്കൂറിനുള്ളിൽ സൈനിക നടപടി ആരംഭിക്കാൻ ആവശ്യമായ രീതിയിൽ സേനയെ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ടെന്ന് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ റഡാറുകൾ, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണങ്ങൾക്കപ്പുറം വിപുലമായ സൈനിക നടപടികളാണ് അമേരിക്ക പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ, ഊർജമേഖലാ സ്ഥാപനങ്ങൾ, ആണവകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ലക്ഷ്യപ്പട്ടിക പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും തയ്യാറാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആക്രമണത്തിന് ഉത്തരവ് നൽകാൻ സാധ്യതയുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ പിന്തുണയോടെയുള്ള സംയുക്ത നീക്കത്തിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
അമേരിക്കയോ ഇസ്രായേലോ ഇറാനെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ ഇറാൻ തിരിച്ചടിച്ചേക്കാമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിലയിരുത്തലുകളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇറാനുമായി സഹകരിക്കുന്ന ഹൂതി വിമതരും തിരിച്ചടിയിൽ പങ്കുചേരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യക്ക് പുറത്തുള്ള ലക്ഷ്യങ്ങളും ഭീഷണിയുടെ പരിധിയിൽ വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാഭീഷണി കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ നയതന്ത്രകാര്യാലയങ്ങളിൽനിന്ന് കൂടുതൽ ജീവനക്കാരെ പിൻവലിക്കാനോ അവരുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട്. സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിയിൽ ജീവനക്കാർ ജാഗ്രതാ നിർദേശം നിലവിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ഹോർമുസ് കടലിടുക്ക് സന്ദർശിച്ച് കപ്പൽഗതാഗത സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. അതോടൊപ്പം ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധവും കപ്പൽഗതാഗതം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.