ഇറാൻ യുദ്ധത്തിൽ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ പരസ്യപ്പോര്?; വെറും ‘ചവറെന്ന്’ പ്രതിരോധ മന്ത്രി

ജറുസലേം: ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും സൈനിക മേധാവിയും തമ്മിൽ ഭിന്നതയുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഈ റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധത്തിൽ പുതിയ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹുവും സൈനിക മേധാവി ഇയാൽ സമിറും തമ്മിൽ തർക്കമുണ്ടായതായി ഞായറാഴ്ച ഇസ്രായേൽ ചാനൽ 12 അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രധാനമന്ത്രി ‘ചവറ്’ എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേതൃത്വവും ഐ.ഡി.എഫും തമ്മിൽ ഇറാൻ വിഷയത്തിൽ വിടവുകളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ കാറ്റ്സ് പറഞ്ഞു. ഇരുവിഭാഗവും തമ്മിൽ പൂർണമായ ഏകോപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഭിച്ച പുതിയ നിർദ്ദേശം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചർച്ചയും നിയമപരമായ ഉറപ്പുകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒപ്പുകളും സൈനിക മേധാവി ഇയാൽ സമിർ ആവശ്യപ്പെട്ടെന്നായിരുന്നു ചാനൽ 12-ന്റെ റിപ്പോർട്ട്. നിർദ്ദേശത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, രാഷ്ട്രീയ നേട്ടങ്ങൾക്കായി യുദ്ധം ചൂഷണം ചെയ്യപ്പെടുമോ എന്ന ആശങ്ക സൈനിക വിഭാഗത്തിനുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനിൽ ആക്രമണം നടത്താൻ ഇസ്രായേലിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കാറ്റ്സ് വ്യക്തമാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് മാറ്റിവെക്കാനായി നെതന്യാഹു ഇറാനുമായി സംഘർഷവും ഏറ്റുമുട്ടലുമണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു. ‘ഈ മനുഷ്യന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നമ്മൾ തീർച്ചയായും അദ്ദേഹത്തെ വീട്ടിലേക്ക് അയക്കണം’- യെയർ ലാപിഡ് രൂക്ഷമായി പ്രതികരിച്ചു. അമേരിക്ക-ഇസ്രായേൽ സഖ്യത്തിലൂടെ ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്ന് വാദിച്ചുകൊണ്ട് നെതന്യാഹു സുരക്ഷാ മുൻനിർത്തി ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്.

Tags:    
News Summary - Katz Dismisses Netanyahu-Army Chief Rift Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.