‘ഇസ്ലാമിക് നാറ്റോ’ ഇറാനുമായി ചർച്ചക്ക്; പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളിൽ നിർണായകം
തെഹ്റാൻ: മേഖലയിലെ സുരക്ഷാ കാര്യങ്ങളും ഏകോപനവും ചർച്ച ചെയ്യുന്നതിനായി മക്കാ കരാർ രാജ്യങ്ങളായ സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തിങ്കളാഴ്ച തെഹ്റാനിൽ ഇറാനിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിഷയവുമായി ബന്ധപ്പെട്ട രണ്ട് വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷ്യൽ ആസിം മുനീർ എന്നിവരായിരിക്കും യോഗത്തിൽ അതത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നത്. കൂടാതെ തുർക്കിയ രഹസ്യാന്വേഷണ വിഭാഗം തലവനും ചർച്ചയിൽ പങ്കെടുക്കുമെന്ന് ഒരു വൃത്തം വ്യക്തമാക്കി.
സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ, തുർക്കിയ രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കലിൻ എന്നിവർ തെഹ്റാൻ സന്ദർശിച്ച് ഇറാൻറെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി ചർച്ചകൾ നടത്തുമെന്ന് ഇറാൻ സ്റ്റേറ്റ് ടിവിയോട് ഇറാനിയൻ സുരക്ഷാ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി കാനി സ്ഥിരീകരിച്ചു.
യമനിലെ ഹൂതികളിൽനിന്ന് സൗദി അറേബ്യക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നിർണായക ഉന്നതതല ചർച്ച. ഹൂതി ആക്രമണങ്ങൾ വിശാലമായ യുദ്ധത്തിൽ സൗദി അറേബ്യയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഞായറാഴ്ചയും സൗദി അറേബ്യ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നു.
പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ കഴിഞ്ഞ ആഴ്ചയും തെഹ്റാൻ സന്ദർശിക്കുകയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ പാകിസ്താൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ജൂണിലെ ഇടക്കാല സമാധാന കരാർ പിന്നീട് പരാജയപ്പെടുകയായിരുന്നു.
തുർക്കിയ, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഈ വർഷം ആഗസ്റ്റിലാണ് ‘മക്കാ സംയുക്ത പ്രതിരോധ കരാർ’ ഒപ്പുവെച്ചത്. ഇതിലെ വ്യവസ്ഥ പ്രകാരം അംഗരാജ്യങ്ങളിൽ ഒന്നിന് മേലുണ്ടാകുന്ന ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. ഈ കരാർ പാകിസ്താൻ കഴിഞ്ഞ ആഴ്ച അംഗീകരിച്ചിരുന്നു. തുർക്കിയ പാർലമെന്റിൽ ഇതിന്റെ അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.സൗദി സർക്കാർ മീഡിയ ഓഫിസ്, പാകിസ്താൻ സൈനിക മാധ്യമ വിഭാഗം, തുർക്കിയ വിദേശകാര്യ മന്ത്രാലയം എന്നിവർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.