ജോർഡൻ ചർച്ച് ആക്രമണം: സംസ്കാരച്ചടങ്ങിൽ റാനിയ രാജ്ഞി; കുടുംബങ്ങളെ സന്ദർശിച്ച് കിരീടാവകാശി
അമ്മാൻ: ദക്ഷിണ ജോർദാനിൽ ക്രൈസ്തവ ദേവാലയത്തിന് നേരെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിൽ രാജ്ഞി റാണിയ പങ്കെടുത്തു. മരിച്ചവരുടെ ആശ്രിതരെ സന്ദർശിച്ച് അനുശോചനം അറിയിച്ച രാജ്ഞി പ്രാർഥനയും നടത്തി. കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല, രാജകുമാരിമാരായ റജ്വ, സൽമ എന്നിവരും രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. രാജാവ് അബ്ദുല്ല രണ്ടാമനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ജാഫർ ഹസനാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്.
വെള്ളിയാഴ്ചയാണ് പള്ളിയിൽ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെ അക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. വാഹനത്തിലെത്തിയ ആക്രമികൾ അഞ്ചുമിനിറ്റോളം തുടർച്ചയായി വെടിയുതിർത്തശേഷം രക്ഷപ്പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. സംഭവസമയത്ത് പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. വാഹനത്തിൽനിന്ന് രണ്ടുപേർ ഇറങ്ങിവെടിയുതിർക്കുകയായിരുന്നു.
ജോർഡനിൽ ഇത്തരം സംഭവങ്ങൾ നന്നേ വിരളമാണ്. 1.15 കോടി ജനസംഖ്യയുള്ള രാജ്യത്ത് ക്രിസ്തുമത വിശ്വാസികളുടെ എണ്ണം മൂന്ന് ലക്ഷത്തോളം മാത്രമാണ്. അമ്മാനിൽനിന്ന് ഏകദേശം 12ഇ കിലോമീറ്റർ അകലെയാണ് കരാക്. 2016ൽ, കരകിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും കനേഡിയൻ വിനോദ സഞ്ചാരികളുമടക്കം പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഐ.എസ് ആണെന്ന് പിന്നീട് വെളിപ്പെട്ടു.
ആക്രമണത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജോർദാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരായ 1950-കൾക്കുശേഷമുള്ള ഏറ്റവും വലിയ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.