തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനുമുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഹുർമുസിലൂടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള ചർച്ചകൾ "അനുകൂലമായി" പുരോഗമിക്കുകയാണെന്ന് ഇറാനും ഒമാനും വ്യക്തമാക്കി. എന്നാൽ ഹുർമുസിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള സമ്മർദം ശക്തമാക്കുകയാണ് ഇറാൻ.
അതേസമയം, വിപുലമായ ഒരു യു.എസ്-ഇറാൻ കരാറിന്റെ കരട് രേഖ മധ്യസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഖത്തർ അറിയിച്ചു. ഹുർമുസ് വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചൂണ്ടിക്കാണിക്കുന്നു. ഇറാന് മേൽ യുഎസ് നാവികസേന ഉപരോധം തുടരുന്നതിനിടയിലാണ് ചർച്ചകൾ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇറാനിലേക്കുള്ള (inbound) ഷിപ്പിങിന്റെ പൂർണ്ണ നിയന്ത്രണം ഇറാന് നൽകുന്നതും, എന്നാൽ ഇറാനെ അറിയിച്ച ശേഷം പുറത്തേക്കുള്ള (outbound) കപ്പലുകൾക്ക് ഒമാൻ അനുമതി നൽകുന്നതുമായ ഒരു സാങ്കേതിക ചട്ടക്കൂടിനാണ് ഇറാൻ സമ്മർദ്ദം ചെലുത്തുന്നത്. മേഖലയിൽ നിന്ന് യുഎസിനെ പൂർണ്ണമായും ഒഴിവാക്കാനും മേഖലയിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാനുമാണ് ഇറാൻ നീക്കം.
യുഎസ് പങ്കാളിത്തമില്ലാതെ നടക്കുന്ന ചർച്ചകളിൽ ഇറാൻ നിയന്ത്രിത വടക്കൻ റൂട്ടിനും ഒമാനിനടുത്തുള്ള യുഎസ് പിന്തുണയുള്ള തെക്കൻ റൂട്ടിനും പകരമായി ഒരു ഇടക്കാല ഇടനാഴിക്ക് (intermediate corridor) രൂപം നൽകാനാണ് ശ്രമം. ഇവ തികച്ചും ഉഭയകക്ഷി തീരദേശ ചർച്ചകൾ മാത്രമാണെന്നും, യു.എസിന്റെയോ ട്രംപിന്റെയോ സമയക്രമങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായിട്ടല്ല തങ്ങൾ മുൻഗണനകൾ നിശ്ചയിക്കുന്നത് എന്നും ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും ഇറാന്റെ പക്ഷം. യുഎസ് പിന്തുണയോടെയുള്ള കരാറിന് കീഴിൽ ഹുർമുസ് പെട്ടെന്ന് തുറക്കും എന്ന അവകാശവാദങ്ങളെയും ഇറാൻ തള്ളിക്കളയുന്നു.
ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഘായി കുറ്റപ്പെടുത്തി. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അവസരമുണ്ടെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റും വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനെതിരെ ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. തുടർന്ന് ഇറാൻ ഹുർമുസ് അടച്ചത് ആഗോള വിപണിയിൽ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മാത്രമല്ല യുദ്ധം അപ്രകീക്ഷിതമായി നീണ്ടതോടെ യു.എസിന് ആയുധ ക്ഷാമം അനുഭവിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.