േഫ്ലാറിഡയിൽ ഗവർണർസ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി റോൺ ഡിസാന്റിസിനുവേണ്ടി ഒത്തുചേർന്ന
അനുയായികൾ
വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കാമെന്ന് കരുതിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷക്ക് മങ്ങൽ. പണപ്പെരുപ്പവും കുറ്റകൃത്യങ്ങൾ കൂടിയതും പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കുമെതിരായ വികാരമായി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നായിരുന്നു റിപ്പബ്ലിക്കന്മാരുടെ കണക്കൂകൂട്ടൽ.
എന്നാൽ, സ്വന്തം പാർട്ടിപോലും വിജയസാധ്യത കൽപിക്കാത്ത നിരവധി പേർ ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് ജയിച്ചുകയറി. സെനറ്റിൽ നിലവിൽ റിപ്പബ്ലിക്കൻ കക്ഷിയുടെ പക്കലുള്ള സീറ്റ് ഡെമോക്രാറ്റ് സ്ഥാനാർഥി ജോൺ ഫെറ്റർമാൻ നേടി. എങ്കിലും സെനറ്റിലെ ഡെമോക്രാറ്റുകളുടെ മേൽക്കൈ ഉറപ്പിക്കാനായിട്ടില്ല. അരിസോണയിലെയും നെവാഡയിലേയും ഫലം സെനറ്റിലെ ഭൂരിപക്ഷത്തിൽ നിർണായകമാകും. ഈ രണ്ടു സ്ഥലത്തെയും ഫലമറിയാൻ ദിവസങ്ങളെടുക്കും. ഇവിടെ ഭാഗികമായി മെയിൽ വഴിയാണ് വോട്ടെടുപ്പ് നടന്നത്. അതാണ് ഫലം വൈകാൻ കാരണം.
ജനപ്രതിനിധി സഭയിൽ സമ്പൂർണ അധികാരമുറപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബൈഡനും ഡെമോക്രാറ്റുകൾക്കുമില്ല. 1906 മുതൽ, യു.എസിൽ അധികാരത്തിലുള്ള പ്രസിഡന്റിന്റെ പാർട്ടിക്ക് മൂന്നു തവണ മാത്രമാണ് ഇടക്കാല തെരഞ്ഞെടുപ്പുകളിൽ മേൽക്കൈ ലഭിച്ചത്. 1934ലും 1998ലും 2002ലും.
2002, വേൾഡ് ട്രേഡ് സെന്റർ ആക്രമണശേഷം ദേശീയ ഐക്യം ശക്തമാവുകയും പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനു പിന്നിൽ രാജ്യമാകെ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്ത സമയമായിരുന്നു. ഡോണൾഡ് ട്രംപിനെ തോൽപിച്ച് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡൻ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി. നിലവിൽ 100 അംഗ യു.എസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 48 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 50 സീറ്റുമാണുള്ളത്. രണ്ടുപേർ സ്വതന്ത്രരാണ്.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.