രണ്ട് വർഷം മുൻപ് കാണാതായ ആറ് വയസ്സുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി

ന്യൂയോർക്: രണ്ട് വർഷം മുൻപ് കാണാതായ ആറ് വയസ്സുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് കുട്ടിയെ മാതാപിതാക്കൾ തന്നെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു.

പെയ്സ്ലി ഷട്ലിസ് എന്ന ആറ് വയസ്സുകാരിയെ 2019ലാണ് കാണാതായത്. അന്ന് കുട്ടിക്ക് നാല് വയസ്സായിരുന്നു പ്രായം. സംഭവത്തിന് പിന്നിൽ മാതാപിതാക്കളായ കിംബർലിയും കിർക്കുമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. പെയ്സ്ലിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ.

വീടിന്‍റെ ബേസ്മെന്‍റിലേക്ക് നയിക്കുന്ന കോണിപ്പടിയിലെ ചെറിയ സ്ഥലത്താണ് ആറ് വയസുകാരിയെ ഒളിപ്പിച്ചത്. പരിശോധനക്കെത്തുന്ന പൊലീസിനോട് കുട്ടിയെ കുറിച്ച് ഒരു വിവരമില്ലെന്ന് വീട്ടുകാർ നുണ പറയുകയായിരുന്നു പതിവ്. പെയ്സ്ലിയെ കാണാതായ സമയം മുതൽ ഒരു ഡസനിലധികം തവണ പൊലീസ് ഈ വീട്ടിൽ കുട്ടിയെ തിരക്കി വന്നിട്ടുണ്ട്. ഇത്രയും നാൾ ഒളിപ്പിച്ചുവെക്കാൻ ഇവർക്കു എങ്ങനെ കഴിഞ്ഞുവെന്ന കാര്യത്തിലും പൊലീസ് അദ്ഭുതം പ്രകടിപ്പിച്ചു.

വീട്ടിൽ കുട്ടിയെ താമസിപ്പിച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് വീണ്ടും പൊലീസ് ഇവിടെ എത്തുകയായിരുന്നു. പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് വിചിത്രമായ രീതിയിൽ നിർമിക്കപ്പെട്ട സ്റ്റെയർകേസ് പൊലീസുകാരന്‍റെ ശ്രദ്ധയിൽ പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തുമാറ്റിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്.

മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലാണ് പെയ്സ്ലിയെന്നും പരിശോധനയിൽ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. പെയ്സ്ലിയുടെ മൂത്ത സഹോദരിയെ കുട്ടിയുടെ രക്ഷാകർതൃത്വം ഏൽപ്പിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ ഭയം. ഇതിനെ തുടർന്നാണ് ഇവർ കുട്ടിയെ ഒളിപ്പിച്ചുതാമസിപ്പിച്ചത്.

രക്ഷപ്പെടുത്തിയ ഉടൻ ആറുവയസുകാരി പൊലീസിനോട് മക്ഡൊണാൽഡിന്‍റെ ഹാപ്പി മീൽ വാങ്ങിനൽകാനാണ് ആവശ്യപ്പെട്ടത്. കുട്ടിയെ അപകടവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - US Girl, 6, Missing Since 2019 Found Alive In Secret Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.