വിദേശ പൗരൻമാരുടെ തൊഴിൽ അംഗീകാര രേഖകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യു.എസ് നിർത്തലാക്കി

വാഷിങ്ടൺ: എച്ച്‍വൺബി വിസ ഫീസ് ഒരുലക്ഷം ഡോളറായി കുത്തനെ വർധിപ്പിച്ചതിനു പിന്നാലെ വിദേശ പൗരൻമാരുടെ തൊഴിൽ അംഗീകാര രേഖകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ(ഇ.എ.ഡി) ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. നിരവധി ഇന്ത്യൻ കുടിയേറ്റക്കാരെയും തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന തീരുമാനമാണിത്.

പുതിയ നിയമം അനുസരിച്ച് 2025 ഒക്ടോബർ 30 നോ അതിനുശേഷമോ തങ്ങളുടെ ഇ.എ.ഡി(ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ഓഫ് എംപ്ലോയ്മെന്റ് ഓത​റൈസേഷൻ ഡോക്യുമെന്റ്സ്) പുതുക്കാൻ ഫയൽ ചെയ്യുന്ന വിദേശികൾക്ക് ഇതുവരെയുണ്ടായിരുന്ന എക്സ്റ്റൻഷൻ ലഭിക്കില്ല. യു.എസിൽ തൊഴിൽ അനുമതിക്കായി കാത്തുനിൽക്കുന്ന അനവധി വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്.

കുടിയേറ്റം തടയുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളുടെ നടപടികളുടെ ഭാഗമായാണ് യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ പുതിയ പ്രഖ്യാപനം. വിദഗ്ധ പരിശോധന നടത്തിയായിരിക്കും വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് നീട്ടിക്കൊടുക്കുകയെന്നും ആഭ്യന്തര സുരക്ഷ വകുപ്പ് വ്യക്തമാക്കി.

എച്ച്‍വൺബി പ്രിൻസിപ്പൽ കുടിയേറ്റക്കാരല്ലാത്തവരുടെ പങ്കാളികളെയടക്കമാണ് പുതിയ തീരുമാനം ബാധിക്കുക. ഇനിമുതൽ ഇ.എ.ഡി കാലഹരണപ്പെടുന്നതിന് 180 ദിവസം മുമ്പ് പുതുക്കൽ അപേക്ഷ ഫയൽ ചെയ്യണം. ഒക്ടോബർ 30ന് മുമ്പായി നീട്ടിക്കിട്ടിയ ഇ.എ.ഡികൾക്ക് പുതിയ നിയമം ബാധകമല്ല. ബൈഡൻ ഭരണകൂടത്തിലെ പഴയ നിയമപ്രകാരം, ഇ.എ.ഡി പുതുക്കിക്കിട്ടാൻ സമയബന്ധിതമായി ഫോം എൽ-765 ഫയൽ ചെയ്തിരുന്ന വിദേശികൾക്ക് 540 ദിവസത്തെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിച്ചിരുന്നു.

യു.എസ് സെൻസസ് ബ്യൂറോയുടെ 2022 ലെ കണക്കനുസരിച്ച് യു.എസിൽ ഏകദേശം 4.8 ദശലക്ഷം ഇന്ത്യൻ അമേരിക്കക്കാർ ഉണ്ട് എന്നാണ്. അതിൽ 66 ശതമാനം ഇന്ത്യൻ അമേരിക്കക്കാരും കുടിയേറ്റക്കാരാണ്. 34 ശതമാനം അമേരിക്കയിൽ ജനിച്ചവരാണ്.

സെപ്റ്റംബർ 19 നാണ് എച്ച് വൺബി വിസകൾക്കുള്ള ഫീസ് പ്രതിവർഷം 100,000 യു.എസ് ഡോളറായി ഉയർത്തിയ പ്രഖ്യാപനത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്.

Tags:    
News Summary - US ends automatic extension of work permits for foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.