ഇമ്മാനുവൽ മാക്രോൺ


ഫ്രാൻസിലെ കലാപത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇമ്മാനുവൽ മാക്രോൺ

പാരീസ്: ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെയും കൊള്ളിവെപ്പുകളെയും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വിദേശ നേതാക്കൾ ഉപയോഗിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറത്തുള്ള നേതാക്കൾ ഉൾപ്പെടെ ഇതിന് പിന്നിലുണ്ടെന്ന് കുറ്റപ്പെടുത്തിയ മാക്രോൺ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരെടുത്തു പറയാതെയും പിന്നീട് ട്രംപിനെ ഉൾപ്പെടുത്തിയും രൂക്ഷമായി പ്രതികരിച്ചു. വിദേശ നേതാക്കളിൽ നിന്ന് വരുന്നത് അസ്വീകാര്യവും അസംബന്ധവുമായ പ്രതികരണങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ വിതരണക്കാരുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി ഖത്തറിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ വ്യാജ ചിത്രങ്ങളും വ്യാജ പ്രചാരണങ്ങളും; ട്രംപിന് പരോക്ഷ മറുപടി

ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ പാരീസിലും മറ്റ് നഗരങ്ങളിലും അക്രമങ്ങളിലും കൊള്ളിവെപ്പിലും കലാശിച്ചിരുന്നു. ഈ സംഭവങ്ങളെ സ്വന്തം തെരഞ്ഞെടുപ്പ് റാലികളിൽ രാഷ്ട്രീയ ആയുധമാക്കിയ ഡൊണാൾഡ് ട്രംപ്, ഫ്രാൻസിലെ അക്രമങ്ങൾക്ക് പിന്നിൽ മുസ്‌ലിം കുടിയേറ്റക്കാരാണെന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 'വൈകുന്നതിന് മുൻപ് അതിർത്തികൾ അടച്ച് നിയന്ത്രണം ഏറ്റെടുക്കൂ' എന്ന് ട്രംപ് മാക്രോണിനോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മാക്രോൺ ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്.

"പാരീസിലും മറ്റ് നഗരങ്ങളിലും നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിവര ദുരുപയോഗവും വ്യാജ പ്രചാരണങ്ങളും നടന്നിട്ടുണ്ട്. വിദേശ നേതാക്കൾ ഉൾപ്പെടെ പലരും അങ്ങേയറ്റം അസ്വീകാര്യവും വിഡ്ഢിത്തം നിറഞ്ഞതുമായ പ്രസ്താവനകളാണ് നടത്തുന്നത്.

ഫ്രാൻസിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ചിത്രീകരിക്കുന്ന എ.ഐ നിർമിത വ്യാജ ചിത്രങ്ങൾ ഞങ്ങൾ കണ്ടു. കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും ഫ്രാൻസിനെ ആക്രമിച്ചു കീഴടക്കി എന്ന രീതിയിലാണ് പലരും പ്രചരിപ്പിച്ചത്, അത് തികച്ചും വ്യാജമായ ആരോപണമാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറത്തുള്ള ചില നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇത്തരം എ.ഐ വ്യാജ വിവരങ്ങൾ കണ്ണടച്ച് വിശ്വസിച്ച് ആവർത്തിക്കുകയാണ്. സ്വന്തം തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഞങ്ങളുടെ രാജ്യത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല."

— മാക്രോൺ വ്യക്തമാക്കി.

പരാമർശിച്ചത് ട്രംപിനെക്കുറിച്ചാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'മറ്റുള്ളവർക്കൊപ്പം അദ്ദേഹവുമുണ്ട്' എന്നായിരുന്നു മാക്രോണിന്റെ മറുപടി.

ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടി ഗൾഫ് പര്യടനം

ഫ്രാൻസിലെ ഇന്ധന വിലക്കയറ്റവും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാനായി യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ മാക്രോൺ നിർണായക സന്ദർശനം നടത്തി. യു.എ.ഇയിൽ നിന്ന് പ്രതിമാസം അധികമായി ഒരു ലക്ഷം ടൺ ഡീസലും, ബഹ്‌റൈനിൽ നിന്ന് മറ്റൊരു ലക്ഷം ടൺ ഡീസലും ലഭ്യമാക്കാനുള്ള ധാരണയിലെത്തി. സൗദി അറേബ്യയിൽ നിന്നുള്ള പങ്കാളിത്തം ഉൾപ്പെടെ പ്രതിമാസം 2,95,000 ടൺ അധിക ഡീസൽ ഫ്രാൻസിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുമെന്നും ഇത് രാജ്യത്തെ പ്രതിമാസ ഡീസൽ ഉപഭോഗത്തിന്റെ പത്ത് ശതമാനത്തിലധികം വരുമെന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ 'എലീസി' വ്യക്തമാക്കി.

Tags:    
News Summary - Macron Slams Trump & Foreign Leaders for Exploiting French Unrest for Political Gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.