ഹുർമുസിൽ യു.എസ് ആർമി അപ്പാഷെ ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിന് സമീപം യു.എസ് ആർമി അപ്പാഷെ ഹെലികോപ്റ്റർ തകർന്നുവീണു. അതിലെ രണ്ട് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പൈലറ്റുമാർ സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് സ്ഥിരീകരിച്ചു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൈലറ്റുമാർ "സുഖമായിരിക്കുന്നു" എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പാഷെ ഹെലികോപ്റ്റർ ഇറാൻ വീഴ്ത്തിയതാണോ, മെക്കാനിക്കൽ തകരാർ അനുഭവിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് അപ്പാഷെ ഹെലികോപ്റ്റർ വീഴ്ത്തിയ സംഭവമുണ്ടാകുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം 30 എം.ക്യു-9 റീപ്പർ ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.

ഹുർമുസിൽ ഇറാന്റെ ഉപരോധം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസ് സെൻട്രൽ കമാൻഡ്, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയ്‌ക്കൊപ്പം അപ്പാഷെ ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. അപ്പാഷെകൾ സാധാരണയായി പട്രോളിങ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

അതേസമയം ഇറാനെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ യു.എസിന് യുദ്ധവിമാനങ്ങളും റീപ്പർ ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യു.എസ് വിമാനങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. യു.എസ് കോൺഗ്രസിന്റെ ലൈബ്രറിയുടെ കീഴിലുള്ള കോൺഗ്രസ് റിസർച്ച് സർവീസ് (സി.ആർ.എസ്) ന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നത്. നാല് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ, ഒരു എഫ്-35എ ലൈറ്റ്നിങ് II യുദ്ധവിമാനം, ഒരു എ-10 തണ്ടർബോൾട്ട് II ഗ്രൗണ്ട്-അറ്റാക്ക് വിമാനം, ഏഴ് കെ.സി-135 സ്ട്രാറ്റോടാങ്കർ ഏരിയൽ റീഫ്യുവലിംഗ് വിമാനം, ഒരു ഇ-3 സെൻട്രി എഡബ്ല്യുഎസിഎസ് വിമാനം, രണ്ട് എം.സി-130ജെ കമാൻഡോ II സ്പെഷ്യൽ ഓപ്പറേഷൻ വിമാനം, ഒരു എച്ച്എച്ച്-60ഡബ്ല്യു ജോളി ഗ്രീൻ II ഹെലികോപ്റ്റർ, 24 എം.ക്യു-9 റീപ്പർ ഡ്രോണുകൾ, ഒരു എം.ക്യു-4സി ട്രൈറ്റൺ ഡ്രോൺ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാനിലെ യുദ്ധത്തിൽ പ്രതിരോധ വകുപ്പിന്റെ ചെലവ് എസ്റ്റിമേറ്റ് 29 ബില്യൺ യുഎസ് ഡോളറായി വർധിച്ചതായി ആക്ടിങ് പെന്റഗൺ കംട്രോളർ ജൂൾസ് ഡബ്ല്യു ഹർസ്റ്റ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - US army Apache crashes near Strait of Hormuz, pilots ‘fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.