വാഷിങ്ടൺ/തെഹ്റാൻ: അമേരിക്കൻ സൈന്യം ഇറാനെതിരെ കനത്ത ആക്രമണ പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ പിന്തുണയുള്ള സായുധ വിഭാഗങ്ങൾ അമേരിക്കൻ സേനക്കെതിരെ മിസൈൽ ആക്രമണശ്രമം നടത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞത് സമാധാന പ്രതീക്ഷകൾ ശക്തമാക്കിയിരുന്നു. എന്നാൽ പുതിയ ആക്രമണങ്ങൾ യുദ്ധം രൂക്ഷമാകുമെന്ന വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നിയന്ത്രണത്തിലുള്ള നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ നിർമ്മാണവും വിന്യാസവും നടത്തുന്ന സൗകര്യങ്ങൾ, തീരദേശ നിരീക്ഷണ, പ്രതിരോധ കേന്ദ്രങ്ങൾ, നാവി സേനയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവ ആക്രമണത്തിൽ ഉൾപ്പെട്ടതായും സെന്റ്കോം അറിയിച്ചു.
അമേരിക്കൻ സേനക്കും അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതത്തിനും ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്കും നേരെയുള്ള ഭീഷണികൾ കുറക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് പ്രസ്താവന അവകാശപ്പെട്ടു. മേഖലയിലാകെ വിന്യസിച്ചിരിക്കുന്ന 50,000 ത്തിലധികം അമേരിക്കൻ സൈനികർ അതീവ ജാഗ്രതയോടെയും യുദ്ധസന്നദ്ധതയോടെയും തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിനിടെ, ഇറാഖിലെ ഇറാൻ അനുകൂല അർധസൈനിക വിഭാഗങ്ങൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 20 സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാൻ അനുകൂല പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്(പി.എം.എഫ്) അറിയിച്ചു. ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള വ്യക്തമായ ലംഘനമാണെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്.
പുതിയ അമേരിക്കൻ ആക്രമണങ്ങൾ ഇറാനിലെ ഫാർസ് പ്രവിശ്യയിലെയും ഖിശം ദ്വീപിലെയും വിവിധ സ്ഥലങ്ങളെ ബാധിച്ചതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിലെ ഖാസറൂൺ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരു കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖിശം ദ്വീപിൽ മിസൈൽ ആക്രമണത്തെ തുടർന്ന് രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും വിമാനത്താവള പ്രവർത്തനങ്ങൾക്കും യാത്രാ ഫെറി സർവീസുകൾക്കും തടസമുണ്ടായിട്ടില്ലെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം യുദ്ധസാഹചര്യം രൂക്ഷമാണെങ്കിലും അന്താരാഷ്ട്ര എണ്ണവിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 1.29 ഡോളർ കുറഞ്ഞ് 89.45 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 56 സെന്റ് താഴ്ന്ന് 83.90 ഡോളറിലേക്കും എത്തി. നേരത്തെ യുദ്ധഭീഷണിയെ തുടർന്ന് ബ്രെന്റ് വില 7.91 ശതമാനം ഉയർന്നിരുന്നു. ഇതിനിടെ, ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം മൂന്നക്ക നിരക്കിലെത്തിയിരിക്കുകയാണെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് നിർബന്ധിത ഫീസ് വാങ്ങാൻ സമ്മർദം ചെലുത്തുന്ന ഐ.ആർ.ജി.സി പിന്തുണയുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട രണ്ട് സ്ഥാപനങ്ങൾക്കെതിരെയാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതെന്ന് യു.എസ് വൃത്തങ്ങൾ പറഞ്ഞു. ആഗോള വാണിജ്യത്തെ ബന്ദിയാക്കാൻ അമേരിക്ക ഇറാനെ അനുവദിക്കില്ലെന്നും അന്താരാഷ്ട്ര കപ്പൽഗതാഗതം ഉപയോഗിച്ച് ധനസമാഹരണം നടത്താനുള്ള ശ്രമങ്ങൾ തടയുമെന്നും ബെസെന്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ആശങ്കാജനകമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.