പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാർ, തീയാളി; യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്

വാഷിങ്ടൺ: യു.എസിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. തകരാറിനെ തുടർന്ന് എൻജിനിൽ തീയാളുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിൽ ചിതറി വീണിട്ടുണ്ട്.

യുണൈറ്റഡ് എയർലൈൻസിന്‍റെ ബോയിങ് 777-200 വിമാനത്തിൽ 231 യാത്രികരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൻവറിൽ നിന്ന് ഹോണോലുലുവിലേക്കാണ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങിയ ഉടൻ തന്നെ എൻജിൻ തകരാർ അനുഭവപ്പെടുകയായിരുന്നു. എൻജിനിൽ നിന്ന് തീയാളുന്ന ദൃശ്യങ്ങൾ യാത്രികരാണ് പകർത്തിയത്. തുടർന്ന് തിരികെ ഡെൻവർ വിമാനത്താവളത്തിൽ തന്നെ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

വിമാനത്തിൽ നിന്ന് അവശിഷ്ടങ്ങൾ ചിതറിവീണത് പൊലീസ് സ്ഥിരീകരിച്ചു. അത്യപൂർവമായ എൻജിൻ തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിന്‍റെ പരിചയസമ്പന്നതയാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. 

Tags:    
News Summary - United Airlines engine bursts into flames midair before landing:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.