ഗസ്സയിൽ അടിസ്ഥാന ആരോഗ്യ പരിചരണം പോലും ലഭിക്കാതെ അരലക്ഷത്തോളം ഗർഭിണികൾ

ഗസ്സ സിറ്റി: കടുത്ത മനുഷ്യത്വരഹിത ആക്രമണവുമായി ഇസ്രായേൽ മുന്നോട്ടുപോകുമ്പോൾ ഗസ്സയിൽ ആരോഗ്യ അരക്ഷിതാവസ്ഥ. 50,000ത്തോളം ഗർഭിണികൾ അടിസ്ഥാന ആരോഗ്യ പരിചരണം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു.

പൂർണ ഗർഭിണികളായ 5522 പേരാണുള്ളതെന്ന് ഐക്യരാഷ്ട്ര സഭയുടെ പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) പറയുന്നു. അടുത്ത മാസത്തെ പ്രസവ തിയതി കാത്തിരിക്കുന്നവരാണിവർ. 'അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ, ജനിക്കുന്ന കുഞ്ഞിന് എന്ത് സംഭവിക്കുമെന്നറിയാതെ, മതിയായ ആരോഗ്യപരിചരണമോ, വൃത്തിയുള്ള സാഹചര്യമോ, മാനസികവും ശാരീരികവുമായ പിന്തുണയോ ഇല്ലാതെ ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് സങ്കൽപ്പിച്ചുനോക്കൂ' -യു.എൻ.എഫ്.പി.എയുടെ ഫലസ്തീൻ പ്രതിനിധി ഡൊമിനിക് അലൻ പറഞ്ഞു. അങ്ങേയറ്റം വേദനയുളവാക്കുന്ന വിവരങ്ങളാണ് ഗസ്സയിലെ ആശുപത്രികളിൽ നിന്ന് പുറത്തുവരുന്നത്. പ്രസവവാർഡുകളിൽ പോലും സുരക്ഷിതമായ സാഹചര്യമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2670 ആയിരിക്കുകയാണ്. 9600 പേർക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 57 പേരും കൊല്ലപ്പെട്ടു. 1200 പേർക്കാണ് ഇവിടെ പരിക്കേറ്റത്. ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി. 3500 പേർക്കാണ് പരിക്കേറ്റത്.

ഗസ്സ അതിർത്തികളിൽ വൻതോതിൽ സൈനിക വിന്യാസം നടത്തിയ ഇസ്രായേൽ ഏത് നിമിഷവും കരയുദ്ധം ആരംഭിക്കുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. വടക്കൻ ഗാസ മേഖലയിലെ 11 ലക്ഷത്തോളം ജനങ്ങൾക്ക് ഒഴിഞ്ഞുപോകാനുള്ള നിർദേശം നൽകിയിരിക്കുകയാണ്. 

Tags:    
News Summary - UN says 50,000 pregnant women in Gaza unable to obtain basic health services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.