ഗസ്സ ആശുപത്രി ആക്രമണം: അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

ഗസ്സ: പരിക്കേറ്റ് ചികിത്സ ​തേടിയ സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ഗസ്സ അൽ അഹ്‍ലി ആശുപത്രി ആക്രമണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്രസഭ. സ്‌ഫോടനത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം കാര്യാലയം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്ത്യൻ മിഷിനറി വിഭാഗം നടത്തുന്ന ഗസ്സയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെ ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. ആ​ശുപത്രി പരിസരം ദസുരക്ഷിതമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ഇവിടെ മുറ്റത്ത് അഭയം തേടിയിരുന്ന നിരവധി ഫലസ്തീനികൾ ആക്രമണതിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.

ഇസ്രയേലിന്റെ ക്രൂരകൃത്യത്തിന് നേരെ ലോകവ്യാപക പ്രതിഷേധം ഉയർന്നപ്പോൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇസ്രായേൽ ശ്രമം നടത്തിയിരുന്നു. ഹമാസിന്റെ റോക്കറ്റ് തെറ്റായി പതിച്ചതാണ് സ്ഫോടന കാരണമെന്നായിരുന്നു ഇസ്രായേൽ ആരോപണം. എന്നാൽ, ഇത് തള്ളിക്കളഞ്ഞ ഹമാസ്, ആരോപണം​ തെറ്റാണെന്നും കൂട്ടക്കൊലയിൽനിന്ന് കൈ കഴുകാനുള്ള ഇസ്രായേൽ ശ്രമമാണെന്നും വ്യക്തമാക്കിയിരുന്നു.

നേരത്തെ ഇസ്രായേലിലെ 40 കുഞ്ഞുങ്ങളെ ഹമാസ് തലയറുത്തതായി ഇസ്രായേൽ പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്റും അടക്കമുള്ളവർ ആ​രോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഈ വാർത്ത അവതരിപ്പിച്ച സി.എൻ.എൻ ചാനലിലെ മാധ്യമപ്രവർത്തക പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - UN calls for international investigation into hospital explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.