യുക്രെയ്ൻ എന്നെങ്കിലും റഷ്യയുടേതായേക്കാമെന്ന് ട്രംപ്; കീവിലെ ധാതു നിക്ഷേപങ്ങൾക്കുമേൽ കണ്ണേറ്

ന്യൂയോർക്ക്: ‘യുക്രെയ്ൻ എന്നെങ്കിലും റഷ്യൻ ആയേക്കാം’ എന്ന പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ ആഴ്ച അവസാനം ഉക്രേനിയൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കിയെ കാണാൻ യു.എസ് വൈസ് പ്രസിഡന്റ് ജേഡി വാൻസ് തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ റഷ്യയുമായുള്ള മൂന്നു വർഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സ്വരത്തിൽ ട്രംപ് സംസാരിച്ചു. ‘ചിലപ്പോൾ അവർ ഒരു കരാർ ഉണ്ടാക്കിയേക്കാം. അല്ലെങ്കിൽ കരാർ ഉണ്ടാക്കിയേക്കില്ല. ചിലപ്പോൾ അവർ ഒരു ദിവസം റഷ്യൻ ആയേക്കാം. അല്ലെങ്കിൽ അവർ ഒരു ദിവസം റഷ്യൻ ആയേക്കില്ല’ - എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. 

അതോ​ടൊപ്പം കീവിലെ അപൂർവ പ്രകൃതി വിഭവങ്ങൾക്കുമേൽ ട്രംപ് കണ്ണെറിയുകയും ചെയ്തു. യുക്രെയ്നുള്ള യു.എസ് എയ്ഡിനു പകരമായി അവിടെയുള്ള അപൂർവ ധാതുക്കൾ കൊയ്യുന്നതിന് അഭിമുഖത്തിൽ ട്രംപ് ഊന്നൽ നൽകി. ‘യുക്രെയ്നിലേക്കുള്ള പണമെല്ലാം അവിടെ ത​ന്നെ ഉണ്ടാകും. എനിക്ക് അത് തിരികെ വേണമെന്ന് ഞാൻ പറയുന്നു. 500 ബില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ ഭൂമി പോലെ തത്തുല്യമായത് വേണമെന്ന് ഞാൻ അവരോട് പറയുന്നു’ -ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന തന്റെ പ്രത്യേക ദൂതൻ കീത്ത് കെല്ലോഗിനെ ഉടൻ തന്നെ യുക്രെയ്നിലേക്ക് അയക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള ഏത് കരാറിലും വാഷിംങ്ടണിൽനിന്ന് കടുത്ത സുരക്ഷാ ഗാരന്റി നൽകണമെന്ന് സെലെൻസ്‌കി ആവശ്യപ്പെടുന്നുണ്ട്.

ഈ വെള്ളിയാഴ്ച മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് യുക്രേനിയൻ പ്രസിഡന്റ് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തുമെന്ന് സെലൻസ്‌കിയുടെ വക്താവ് സെർജി നിക്കിഫോറോവ് പറഞ്ഞു. കെല്ലോഗ് ഈ മാസം 20ന് യുക്രെയ്നിലെത്തുമെന്ന് സെലൻസ്‌കിയുടെ ഓഫിസ് വൃത്തങ്ങളും പറഞ്ഞു.

Tags:    
News Summary - Ukraine ‘may be Russian someday’, Trump says ahead of Zelenskyy meeting with Vance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.