ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധം; മരുമകൾ തുലിപ് സിദ്ദീഖ് യു.കെ മന്ത്രിസ്ഥാനം രാജിവെച്ചു

ലണ്ടൻ: ബംഗ്ലാദേശിൽനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്കുപിന്നാലെ ബ്രിട്ടീഷ് മന്ത്രി സിദ്ദീഖ് തുലിപ് രാജിവച്ചു. ഹസീനയുടെ മരുമകൾ കൂടിയായ തുലിപ്, കെയർ സ്റ്റാർമർ സർക്കാറിൽ സാമ്പത്തിക സേവനങ്ങൾക്കും അഴിമതിക്കെതിരെ പോരാടുന്നതിനും നിയോഗിക്കപ്പെട്ട മന്ത്രിയാണ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് തുലിപ് സിദ്ദിഖ്  ആരോപണം നിഷേധിച്ചിരുന്നു. തനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ആഴ്ച പറഞ്ഞത്.

രണ്ടു മാസത്തിനുള്ളിൽ രണ്ടാമത്തെ മന്ത്രിയുടെ രാജി സ്റ്റാർമറിന് വലിയ പ്രഹരമാണ്. ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ലേബർ പാർട്ടിയുടെ അംഗീകാരം ഇടിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.

തെരഞ്ഞെടുപ്പിനുശേഷം ധനകാര്യ സേവന നയത്തിന്റെ ചുമതല തുലിപ് സിദ്ദിഖിന് കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളുടെ ഉത്തരവാദിത്തവും ഇവരെ ഏൽപിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം  ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സർക്കാറിന്റെ പ്രവർത്തനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ നീക്കമെന്ന് തുലിപ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ മന്ത്രിസ്ഥാനം രാജിവെക്കാൻ തീരുമാനിച്ചുവെന്നും അവർ പറഞ്ഞു. പെൻഷൻ മന്ത്രിയായിരുന്ന എമ്മ റെയ്നോൾഡ്സിനെ തുലിപിന്റെ സ്ഥാന​ത്തേക്ക് നിയമിച്ചു.

2009 മുതൽ ബംഗ്ലാദേശ് ഭരിച്ചിരുന്ന ശൈഖ് ഹസീന പുറത്താവലിനുശേഷം അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്. ഹസീനയും അവരുടെ പാർട്ടിയും കുറ്റം നിഷേധിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിന്നുള്ള ഫണ്ട് തട്ടിയെടുക്കുന്നതിൽ അവരുടെ കുടുംബത്തിന് പങ്കുണ്ടോ എന്ന അന്വേഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ തുലിപ്പിന്റെ പേരും ഉയർന്നുവന്നിരുന്നു. ഹസീന സർക്കാർ 12.65 ബില്യൺ ഡോളറിന്റെ ആണവ വൈദ്യുത കരാർ നൽകിയതിൽ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് നടന്നതായി അഴിമതി വിരുദ്ധ കമീഷൻ ആരോപിച്ചിരുന്നു.

ഹസീനയുമായും അവരുടെ അനുയായികളുമായും ബന്ധമുള്ള ബ്രിട്ടനിലെ സ്വത്തുക്കളുടെ ഉപയോഗം സംബന്ധിച്ച് കൂടുതൽ പരിശോധനക്കായി തുലിപ് സിദ്ദിഖ് സ്വന്തം നിലയിൽ വിഷയം സർക്കാറിന്റെ സ്വതന്ത്ര ധാർമിക ഉപദേഷ്ടാവിന് റഫർ ചെയ്തിരുന്നു.

ഹസീനയുടെ സർക്കാറിനു വേണ്ടി ഹാജറായ ബംഗ്ലാദേശിയായ അഭിഭാഷകൻ മോയിൻ ഗനി 2009ൽ അവരുടെ കുടുംബത്തിന് നൽകിയ നോർത്ത് ലണ്ടനിലെ വസ്തുവിലാണ് തുലിപ് സിദ്ദിഖ് താമസിച്ചിരുന്നതെന്നതിന്റെ രേഖകൾ സമർപിക്കുകയുണ്ടായി.

കഴിഞ്ഞ വർഷം അവസാനം ബ്രിട്ടീഷ് ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് രാജിവച്ചതിനു പിന്നാലെയാണ് മന്ത്രിസഭയിൽനിന്നുള്ള തുലിപ്പിന്റെയും വിടവാങ്ങൽ.

Tags:    
News Summary - U.K. Minister Tulip Siddiq resigns over financial ties with aunt Sheikh Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.