രണ്ട് യു.എസ് പൗരൻമാരെ യുക്രെയ്നിൽ കാണാതായി; റഷ്യൻ സൈനികരുടെ തടവിലെന്ന് അഭ്യൂഹം

കിയവ്: റഷ്യൻ സൈന്യത്തിനെതിരായ പോരാട്ടത്തിനിടെ രണ്ട്  വിമുക്ത യു.എസ് സൈനികരെ യുക്രെയ്നിൽ കാണാതായതായി റിപ്പോർട്ട്. ഇവരെ റഷ്യൻ സൈന്യം തടവിലാക്കിയതാവാമെന്നാണ് സൈനികരും കുടുംബാംഗങ്ങളും യു.എസ് കോൺഗ്രസും കരുതുന്നത്. അലക്സാണ്ടർ ഡ്ര്യൂക്(39), ആൻഡി ഹിൻച്(27)എന്നിവരെയാണ് കാണാതായത്. ജൂൺ എട്ടിന് റഷ്യയുമായി അതിർത്തി പങ്കിടുന്ന ഖാർക്കിവിൽ നിന്നാണ് ഇവർ ഏറ്റവും ഒടുവിൽ വിളിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കുറച്ചു ദിവസം ഓഫ്‍ലൈൻ ആയിരിക്കുമെന്നും സംസാരത്തിനിടെ ഇരുവരും വ്യക്തമാക്കിയിരുന്നു.

മകനുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ ഡ്ര്യൂക്കിന്റെ മാതാവ് പരാതിയുമായി ഓഫിസിലെത്തിയതായി യു.എസ് കോൺഗ്രസ് പ്രതിനിധി ടെറി സീവെൽ അറിയിച്ചു. ഹിൻചിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം തന്നെ ബന്ധപ്പെട്ടതായി യു.എസ് കോൺഗ്രസ് പ്രതിനിധി റോബർട്ട് ആദർഹോൾട്ടും വ്യക്തമാക്കി.

ഇരുവരുടെയും തിരോധാനത്തെ കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റും ​ഫെഡറൽ ബ്യൂറോയും അന്വേഷിക്കുകയാണെന്നും ഇരുവരും പറഞ്ഞു. യു.എസ് സൈനികരുടെ തിരോധാനത്തെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് ടെലഗ്രാഫ് പത്രമാണ്. ഖാർക്കിവിൽ ജൂൺ ഒമ്പതിനു നടന്ന ​ആക്രമണത്തിലാണ് ഇരുവരും റഷ്യൻ സൈനികരുടെ തടവിലായതെന്നും പത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പരിശോധിച്ചതായും സൈനികരുടെ തിരോധാനം സംബന്ധിച്ച് യു​ക്രെയ്ൻ അധികൃതരെ ബന്ധ​പ്പെട്ടതായും യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് അധികൃതർ വെളിപ്പെടുത്തി.

സംഭവം സ്ഥിരീകരിക്കപ്പെട്ടാൽ യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ തടവിലാക്കുന്ന ആദ്യ യു.എസ് സൈനികരായിരിക്കുമിത്. ഇരുവരും മുമ്പ് യു.എസ് സൈന്യത്തിൽ സേവനമനുഷ്ടിച്ചവരാണ്. 

Tags:    
News Summary - Two US citizens missing in Ukraine, feared captured by Russians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.