പാരിസ്: പാരിസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിൽനിന്ന് ഫ്രഞ്ച് ചക്രവർത്തിയുടെ അമൂല്യമായ ആഭരണങ്ങളിൽ ചിലത് കൊള്ളയടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇവരെ ചോദ്യം ചെയ്തതായി അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് പ്രതികളിൽ ഒരാളെ രാജ്യം വിടാൻ ഒരുങ്ങവെ ശനിയാഴ്ച രാത്രി 10 മണിയോടെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. മറ്റൊരാളെ പാരീസിന് വടക്കുള്ള സീൻ സെന്റ് ഡെനിസ് പ്രാന്തപ്രദേശത്തുവെച്ചും അറസ്റ്റ് ചെയ്തു.
ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ് ലൂവ്ര്. ഇവിടെ നിന്നാണ് ഒക്ടോബർ 19ന് 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് വിലയേറിയ വസ്തുക്കൾ മോഷണം പോയത്. നെപ്പോളിയന്റെയും ജോസഫൈന്‍ ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരത്തിൽ നിന്നുള്ളവയാണിവ.
സീൻ നദിക്ക് അഭിമുഖമായുള്ള മ്യൂസിയത്തിന്റെ ഭാഗത്തിലൂടെയാണ് കുറ്റവാളികൾ അകത്തേക്ക് പ്രവേശിച്ചത്. ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ക്രെയ്ൻ ഉപയോഗിച്ച് ചില്ലുകൾ തകർത്താണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ എത്തിയതെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തു.
മ്യൂസിയത്തിന്‍റെ ഭാഗത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇത് മുതലാക്കിയാണ് മോഷണസംഘം മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. പൂട്ടുകളും മറ്റും അറുത്തു മുറിക്കാൻ ചെറിയ ചെയിൻസോകൾ ഉപയോഗിച്ചതായും പുറത്തുവന്നു. മോഷണ ശേഷം മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുകയും ചെയ്തു. മോഷണത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച് മ്യൂസിയം അടച്ചിരുന്നു. കനത്ത സുരക്ഷക്കായി നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
12-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പാരിസ് നഗരത്തെ സംരക്ഷിക്കാൻ നിർമിച്ച ഒരു കോട്ടയായിരുന്നു ലൂവ്ര്. പിന്നീട് ഫ്രാൻസിസ് ഒന്നാമൻ രാജാവിന്റെ കാലത്ത് (16-ാം നൂറ്റാണ്ട്) ഇത് രാജാക്കന്മാരുടെ കൊട്ടാരമായി രൂപാന്തരപ്പെട്ടു. ലൂയി പതിനാലാമൻ രാജാവ് വേഴ്സായിലെ കൊട്ടാരത്തിലേക്ക് താമസം മാറിയതോടെ ലൂവ്ര് ഒരു കലാശേഖരണ കേന്ദ്രമായി മാറി.
ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യത്തിന്റെ കലാസൃഷ്ടികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ വേണ്ടി 1793 ആഗസ്റ്റ് 10ന് ലൂവ്ര് ഔദ്യോഗികമായി ഒരു പൊതു മ്യൂസിയമായി തുറന്നു. മെസപ്പൊട്ടേമിയ, ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളിലെ പുരാവസ്തുക്കൾ, ചിത്രകലകൾ, ശില്പങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി പ്രീ-ഹിസ്റ്ററി കാലഘട്ടം മുതൽ 21-ാം നൂറ്റാണ്ടുവരെയുള്ള 380,000ത്തിലധികം വസ്തുക്കളുടെ വലിയ ശേഖരം ലൂവ്ര് മ്യൂസിയത്തിലുണ്ട്. ഇതിൽ 35,000ഓളം സൃഷ്ടികൾ പൊതുപ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.