കേറ്റും വില്യമും
വില്യം രാജകുമാരന്റെയും കേറ്റിന്റെയും വസതിയിൽ മോഷണശ്രമം; രണ്ടുപേർ പിടിയിൽ
ലണ്ടൻ: ബ്രിട്ടനിലെ രാജകുമാരൻ വില്യമിന്റെയും രാജകുമാരി കേറ്റിന്റെയും സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയായ 'ആൻമർ ഹാളി'ൽ അതിക്രമിച്ചുകയറി മോഷണം നടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് വസതിക്ക് സമീപം സംശയാസ്പദമായ രീതിയിൽ ചില നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നോർഫോക്ക് പൊലീസിന് വിവരം ലഭിച്ചത്.
ഉടൻതന്നെ പൊലീസ് നായ്ക്കൾ, ഡ്രോണുകൾ, ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ എസ്റ്റേറ്റിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മോഷണം, അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവസമയത്ത് വില്യമും കേറ്റും മക്കളും വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം അറിയിച്ചു. ബെർക്ക്ഷെയറിലെ വിൻഡ്സർ കാസിൽ എസ്റ്റേറ്റിലാണ് വില്യമും കേറ്റും സ്ഥിരമായി താമസിക്കുന്നത്. അവധി ദിവസങ്ങളിൽ വിശ്രമിക്കാനായാണ് ഇവർ സാൻഡ്രിംഗ്ഹാമിലെ ആൻമർ ഹാളിലേക്ക് എത്താറുള്ളത്.
2011ലെ വിവാഹസമ്മാനമായി അന്തരിച്ച എലിസബത്ത് രാജ്ഞിയാണ് 10 കിടപ്പുമുറികളുള്ള ഈ ജോർജിയൻ മാൻഷൻ ഇരുവർക്കും നൽകിയത്. നോർഫോക്കിലെ സ്വകാര്യ എസ്റ്റേറ്റായ സാൻഡ്രിംഗ്ഹാമിൽ, ചാൾസ് രാജാവിന്റെ സ്വകാര്യ വസതിയായ സാൻഡ്രിംഗ്ഹാം ഹൗസിന് ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായാണ് ആൻമർ ഹാൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടെങ്കിലും നിലവിൽ കൊട്ടാരവും പൂന്തോട്ടവും അടച്ചിട്ടിരിക്കുകയാണ്.
‘ഇവിടെ അതിക്രമിച്ചുകയറാൻ മാത്രം മണ്ടത്തരമുള്ള ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നത് തന്നെ വിചിത്രമാണ്. കഴിഞ്ഞ 50 വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു. ഇതുവരെ ഇത്തരമൊരു മോഷണശ്രമത്തെക്കുറിച്ച് കേട്ടിട്ടേയില്ല. വളരെ ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലമായതിനാൽ ഈ വാർത്ത ആളുകളെ ഞെട്ടിക്കും ആൻമർ ഹാളിലേക്കുള്ള വഴിയിൽ താമസിക്കുന്ന വാൽ ബ്ലാക്ക്മർ പറഞ്ഞു.
രാജകുടുംബത്തിലെ മറ്റ് പല അംഗങ്ങളും സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ താമസിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മാർഷ് ഫാമിലേക്ക് താമസം മാറിയ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറും ഇവിടെയാണുള്ളത്. കർശന സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും അടുത്ത കാലത്തായി ബ്രിട്ടീഷ് രാജകീയ വസതികളിൽ ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2024ൽ വിൻഡ്സർ കാസിൽ എസ്റ്റേറ്റിലെ ഒരു ഫാമിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ രണ്ട് വാഹനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.