ഫോട്ടോ കടപ്പാട് ഫ്രീ പ്രസ് ജേണൽ

ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്താന്റെ ആദ്യ സഞ്ചാരി; ഷെൻഷോ-24 ദൗത്യത്തിൽ മുഹമ്മദ് സീഷാൻ അലി

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ചരിത്രനേട്ടത്തിനൊരുങ്ങി പാകിസ്താൻ. രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മുഹമ്മദ് സീഷാൻ അലി ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. ചൈനയുടെ ഷെൻഷോ-24 പേടകത്തിലാണ് 40കാരനായ മുൻ പാകിസ്താൻ വ്യോമസേനാ പൈലറ്റ് ബഹിരാകാശത്തേക്ക് പോകുന്നത്. ചൈനയുടെ മനുഷ്യബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ വിദേശ സഞ്ചാരിയെന്ന നേട്ടവും ഇതോടെ അലി സ്വന്തമാക്കും.

ഷെൻഷോ-24 ദൗത്യത്തിലെ മൂന്നംഗ സംഘത്തെ ചൈന ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മുഹമ്മദ് സീഷാൻ അലിക്കൊപ്പം ചൈനീസ് ബഹിരാകാശ സഞ്ചാരികളായ ടാങ് ഹോങ്ബോ (51), വു യി (39) എന്നിവരും ദൗത്യത്തിൽ പങ്കെടുക്കും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ബുധനാഴ്ച രാവിലെ പേടകം വിക്ഷേപിക്കുമെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയുടെ റിപ്പോർട്ട്.

 

ചൈനയും പാകിസ്താനും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിലെ നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം. ചൈനയുടെ മനുഷ്യസഹിത ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ചൈനീസ്, വിദേശ സഞ്ചാരികൾ ഒരുമിച്ച് ഒരു ദൗത്യത്തിൽ പങ്കെടുക്കുന്നത്. 2025 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ ദൗത്യം വ്യക്തിഗത നേട്ടമല്ലെന്നും വലിയൊരു യാത്രയുടെ തുടക്കമാണെന്നും അലി വിശേഷിപ്പിച്ചു. ചൈന-പാകിസ്താൻ ബഹിരാകാശ സഹകരണം കൂടുതൽ ദൗത്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും എത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ബഹിരാകാശത്ത് നാല് ശാസ്ത്രീയ പരീക്ഷണങ്ങൾ

ചൈന-പാകിസ്താൻ സഹകരണ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനൊപ്പം നിലയത്തിലെ പതിവ് പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാകും. ബയോടെക്നോളജി, മെറ്റീരിയൽ സയൻസ് മേഖലകളിലായി നാല് ശാസ്ത്രീയ പദ്ധതികളാണ് അദ്ദേഹം നടത്തുക. ബഹിരാകാശത്തെ ഗുരുത്വാകർഷണം കുറഞ്ഞ സാഹചര്യത്തിൽ പ്രകാശസംശ്ലേഷണം നടത്തുന്ന സൂക്ഷ്മജീവികളുടെ സ്വഭാവം പഠിക്കുന്ന പരീക്ഷണവും ഇതിലുൾപ്പെടും. ദൗത്യം പൂർത്തിയാക്കി ഷെൻഷൗ-23 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് ചൈനീസ് ഔദ്യോഗിക ചാനലായ സിസിടിവിയുടെ റിപ്പോർട്ട്.

2030ൽ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ ലക്ഷ്യങ്ങൾ നിർണായക ഘട്ടത്തിലെത്തുന്നതിനിടെയാണ് ഷെൻഷോ-24 ദൗത്യം. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് ബീജിങ് ലക്ഷ്യമിടുന്നത്. ചന്ദ്രപര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ അമേരിക്കക്ക് ശക്തമായ വെല്ലുവിളിയാകാനാണ് ചൈനയുടെ നീക്കം. അതേസമയം, നാസയുടെ ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി 2028ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Tags:    
News Summary - First Pakistani astronaut to China's space station; Muhammad Zeeshan Ali on Shenzhou-24 mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.