ഹൂതി ആക്രമണം: സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയയും പാകിസ്താനും; ചരിത്രത്തിൽ ആദ്യം
ഇസ്‍ലാമാബാദ്/അങ്കാറ: യമനിലെ ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കിയയും പാകിസ്താനും സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കുന്നു. പുതിയ പരസ്പര പ്രതിരോധ സഖ്യത്തിന്റെ ഭാഗമായി ഈ രാജ്യങ്ങൾ സംയുക്തമായാണ് ‘വേഗത്തിലുള്ള സൈന്യവിന്യാസത്തിന്’ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിൽ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരമാണ് ഈ നടപടി. ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്നതാണ് ഈ കരാർ. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കിയയും, ഇസ്‍ലാമിക ലോകത്തെ ഏക അണുശക്തിയായ പാകിസ്താനും, ഗൾഫിലെ മുൻനിര ശക്തിയായ സൗദി അറേബ്യയും ഈ പുതിയ സഖ്യത്തിലൂടെ ഒന്നിക്കുകയാണ്.
തിങ്കളാഴ്ച റിയാദിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സൗദി അറേബ്യക്കെതിരെയുണ്ടായ ആക്രമണങ്ങളെ, വിശിഷ്യാ വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ യോഗം അപലപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ഈ പ്രതികരണം.
രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും എതിരെയുള്ള ഏതൊരു ആക്രമണത്തെയോ ഭീഷണിയെയോ പൂർണമായും തള്ളിക്കളയുന്നതായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി. കൂട്ടായ പ്രതിരോധ പ്രതിബദ്ധതകൾ ഉടൻ നടപ്പിലാക്കാനും, ആവശ്യമായ സൈനിക ശേഷി ഉറപ്പാക്കാനും, സൗദി അറേബ്യയിൽ സൈന്യത്തെ അതിവേഗം വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എങ്കിലും, സൗദിയിലെത്തുന്ന സൈന്യം ഏതുതരം ചുമതലകളാണ് നിർവഹിക്കുകയെന്ന കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
യമനിലെ ആഭ്യന്തര യുദ്ധം ജൂലൈയിൽ വീണ്ടും തീവ്രമായതോടെയാണ് സൗദി നഗരങ്ങളും എണ്ണക്കമ്പനികളും കപ്പലുകളും ലക്ഷ്യമിട്ട് ഹൂതികളുടെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായത്. സെപ്റ്റംബറിൽ ഹൂതികൾ നടത്തിയ പുതിയ മുന്നേറ്റത്തിൽ, യമനിലെ സൗദി അനുകൂല സർക്കാരിന്റെ അധീനതയിലുള്ള വലിയൊരു പ്രദേശം പിടിച്ചെടുത്തിരുന്നു. ഇതിന് മറുപടിയായി, ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദി പിന്തുണയോടെ യമൻ സർക്കാർ തിങ്കളാഴ്ച പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.