തായ്‌വാൻ പ്രസിഡന്റിന്റെ മകനെ നിരീക്ഷിച്ചെന്ന് ആരോപണം; ചൈനീസ് ചാരപ്രവർത്തനക്കേസിൽ യുവതി അറസ്റ്റിൽ

വാഷിങ്ടൺ: തായ്‌വാൻ പ്രസിഡന്റ് വില്ല്യം ലായ് ചിങ്-തെയുടെ മകനെയും കുടുംബത്തെയും ചൈനക്കു വേണ്ടി നിരീക്ഷിച്ചെന്നാരോപിച്ച് കാലിഫോർണിയ സ്വദേശിനിയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ചൈനയിലേക്കുളള യാത്രാമധ്യേ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് 34കാരിയായ വാൻ‌യിങ് ഷാങ് പിടിയിലായത്.

ചൈനയുടെ രജിസ്റ്റർ ചെയ്യാത്ത ഏജന്റായി പ്രവർത്തിച്ചെന്ന കുറ്റമാണ് ഷാങിനെതിരെ ചുമത്തിയിരിക്കുന്നത്. 2025 ൽ ലായ് ചിങ്-തെയുടെ മകനെയും കുടുംബത്തെയും നിരീക്ഷിക്കുകയും അവരുടെ വീടിന്റെയും വാഹനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് എഫ്.ബി.ഐയുടെ ആരോപണം. ഈ വിവരങ്ങൾ ചൈനീസ് 'ഹാൻഡ്ലർമാർക്ക്'ന് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അമേരിക്കൻ-ചൈനീസ് പ്രസിഡന്റുമാരുടെ ഉച്ചകോടിക്ക് ദിവസങ്ങൾക്കുശേഷമാണ് അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവന്നത്. തായ്‌വാൻ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോഴും ശക്തമാണെന്നതിന്റെ സൂചന കൂടിയാണ് സംഭവം.

തായ്‌വാൻ സ്വാതന്ത്ര്യത്തെ അമേരിക്ക എതിർക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. തായ്‌വാനെ സ്വന്തം പ്രദേശത്തിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. അതേസമയം, തായ്‌വാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ വിവിധ നടപടികളിലൂടെ ബെയ്ജിങ് തായ്‌പെയിൽ സമ്മർദം തുടരുകയാണ്.

ചൈനയിൽ നിന്നുള്ള ആക്രമണ ഭയത്തെ പ്രതിരോധിക്കാൻ തായ്‌വാന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൻറെ ഭാഗമായി  യു.എസ് രണ്ട് എഫ്-16വി ബ്ലോക്ക് 70 യുദ്ധവിമാനങ്ങൾ തായ്‌വാനിന് നൽകിയിരുന്നു. 

Tags:    
News Summary - Accused of monitoring Taiwan President's son; Woman arrested in Chinese espionage case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.