‘ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി തകർത്തേക്കും, തീരുമാനം ഉടൻ’: സൈനിക നടപടിക്ക് സൂചന നൽകി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അതിന് നിർബന്ധിതനായേക്കാമെന്നും ട്രംപ് പറഞ്ഞു. ‘എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അധികം വൈകാതെ നിങ്ങൾക്ക് മനസ്സിലാകും’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചും ട്രംപ് കടുത്ത നിലപാട് ആവർത്തിച്ചു. അമേരിക്കയുടെ അനുമതിയില്ലാതെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവശേഷി നിയന്ത്രിക്കണമെന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന സൂചന കൂടിയാണ് ട്രംപിന്റെ പ്രസ്താവന.

എട്ടുമാസമായി തുടരുന്ന ഇറാൻ യുദ്ധത്തിന്റെ പേരിൽ ട്രംപ് ഭരണകൂടം സമ്മർദം നേരിടുന്നതിനിടെയാണ് പുതിയ ഭീഷണി. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നിൽ ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും ഇന്ധനവില വർധനയും പ്രധാന ഘടകങ്ങളായെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സമ്മതിച്ചിരുന്നു. 

വാഷിങ്ടണിന്റെ നിബന്ധനകൾ അംഗീകരിച്ച് ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള ആക്രമണം നടത്തുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇറാനെ കേന്ദ്രീകരിച്ചുള്ള സംഘർഷം മേഖലയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും അതിന് പിന്നാലെയുണ്ടായ പ്രാദേശിക ശക്തികളുടെ തിരിച്ചടികളും ചെങ്കടൽ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കി.

അതിനിടെ, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾ ഖത്തർ വഴി അമേരിക്കക്ക് കൈമാറിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ചർച്ചകളുമായി മുന്നോട്ടുപോകണമെങ്കിൽ അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് തെഹ്റാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ നിർദേശം അമേരിക്ക പരിശോധിച്ചുവരികയാണ്. നയതന്ത്ര ചർച്ചകൾക്ക് സാധ്യത നിലനിൽക്കുമ്പോഴും വീണ്ടും സൈനിക നടപടി ആരംഭിക്കാനുള്ള സാധ്യത ട്രംപ് തുറന്നിട്ടിരിക്കുകയാണ്.

Tags:    
News Summary - Trump's warning on 'destroying' rest of Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.