'യുദ്ധത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കേണ്ട'; വാൻസിന് മറുപടിയുമായി മംദാനി

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം മൂലമാണ് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. യുദ്ധത്തിന്റെ ഉത്തരവാദിത്തം മറ്റേതോ ഭരണകൂടത്തിന്റെ മേൽ ചുമത്തുന്നതുപോലെയാണ് വാൻസിന്റെ പ്രതികരണമെന്ന് മംദാനി കൂട്ടിച്ചേർത്തു. വാൻസ് അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമാണെന്നും പുറത്തുനിന്നുള്ള രാഷ്ട്രീയ നിരീക്ഷകനല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇറാൻ യുദ്ധത്തെക്കുറിച്ച് വാൻസ് നടത്തിയ പരാമർശങ്ങൾ വിരോധാഭാസമായാണ് തോന്നുന്നതെന്നും അഭിമുഖത്തിൽ മംദാനി പറഞ്ഞു. "മറ്റേതോ ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണ് വൈസ് പ്രസിഡന്റിന്റെ കുറിപ്പ് വായിക്കുമ്പോൾ തോന്നുന്നത്. അദ്ദേഹം അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന ഒരു സാധാരണ വ്യക്തിയല്ല. യുദ്ധം തുടങ്ങിയത് അവരാണ്. അത് അവസാനിപ്പിക്കാനും അവർക്കാകും. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തിരിച്ചടിക്ക് യുദ്ധം കാരണമായെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുകൂടേ?" മംദാനി കൂട്ടിച്ചേർത്തു.

തിരിച്ചടിയായത് ഇറാൻ യുദ്ധവും ഇസ്രായേൽ ബന്ധവും’: തോൽവി ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകണം; ജെ.ഡി. വാൻസ്

അമേരിക്കൻ ഇടക്കാല (മിഡ്‌ടേം) തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട നാണംകെട്ട തോൽവിക്ക് കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളുമാണെന്ന് വെളിപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെയാണ് വാൻസ് സ്വന്തം ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ചത്. 2024-ൽ ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണച്ച വലിയൊരു വിഭാഗം വോട്ടർമാർ ഇത്തവണ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് മാറിയതാണ് പാർട്ടിക്ക് വൻ തിരിച്ചടിയായതെന്ന് വാൻസ് വ്യക്തമാക്കി.

സെനറ്റിന്റെ നിയന്ത്രണം അടുത്ത ആറ് വർഷത്തേക്ക് നഷ്ടപ്പെട്ടതിനെ വിമർശിച്ച അദ്ദേഹം, യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. "ഈ യുദ്ധം അത്യാവശ്യമായിരുന്നുവെന്നും സെനറ്റിലെ ഭൂരിപക്ഷം ആറ് വർഷത്തേക്ക് നഷ്ടപ്പെടുത്തിയത് ന്യായമാണെന്നും വാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. അതൊരു മികച്ച വിലയായിരുന്നു എന്ന് തെളിയിക്കാൻ നോക്കൂ; ആ വാദമെങ്കിലും സത്യസന്ധമായിരിക്കും. പക്ഷേ നമ്മൾ തോറ്റതിന്റെ യഥാർത്ഥ കാരണം എല്ലാവർക്കും അറിയാം. ഇനി മുന്നോട്ടുള്ള വഴികളെക്കുറിച്ചുള്ള ഏതൊരു സത്യസന്ധമായ ചർച്ചയും ഇവിടെ നിന്നാണ് തുടങ്ങേണ്ടത്," വാൻസ് കുറിച്ചു.


Tags:    
News Summary - US Midterm Losses Blamed On Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.