ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക്; ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യം
തെൽഅവീവ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക്. അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ടിന് പ്രധാനമന്ത്രി പദവിയിലേക്ക് ബിന്യമിൻ നെതന്യാഹുവിനേക്കാൾ കൂടുതൽ പിന്തുണ ലഭിച്ചു. സർക്കാർ രൂപീകരിക്കാൻ ഏത് ജനപ്രതിനിധിയെയാണ് ക്ഷണിക്കുകയെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഞായറാഴ്ച പ്രഖ്യാപിക്കും. വ്യാഴാഴ്ചയാണ് അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് ഐസൻകോട്ടിനുള്ള ശുപാർശ ഔദ്യോഗികമായി പ്രസിഡന്റിനെ അറിയിച്ചത്.
ഐസൻകോട്ടിന് 67 പേരുടെ പിന്തുണ ലഭിച്ചു. ഇത് നെസ്സറ്റിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകളേക്കാൾ മുകളിലാണ്. അതേസമയം 53 സീറ്റ് ലഭിച്ച ബെന്യാമിൻ നെതന്യാഹുവിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഐസൻകോട്ടിന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചെങ്കിലും, പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയുന്ന സഖ്യം രൂപീകരിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അറബ് നേതൃത്വത്തിലുള്ള പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിന്റെ നില ഭദ്രമാക്കിയെങ്കിലും, പ്രതിപക്ഷത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ സർക്കാർ രൂപീകരണത്തെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏത് സ്ഥാനാർഥിക്കാണ് വിജയകരമായി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനമെന്ന് ഹെർസോഗ് പറഞ്ഞു. പാർട്ടി നേതാക്കളിൽ ചിലരുമായി നേരിട്ടുള്ള ചർച്ചകളിലൂടെ വേഗത്തിൽ തീരുമാനമെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
11 സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും എട്ട് അംഗങ്ങളുള്ള റാം പാർട്ടിയും ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിൽ ഐസൻകോട്ടിനെ ശിപാർശ ചെയ്തു. ഇരുപാർട്ടികളും വ്യാഴാഴ്ചയാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 120 സീറ്റുകളിൽ അറബ് പാർട്ടികൾക്ക് 19 സീറ്റ് ലഭിച്ചതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. നിലവിലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ ഏഴ് സീറ്റുകളുള്ള തീവ്രയാഥാസ്ഥിതിക പാർട്ടിയായി യുണൈറ്റഡ് തോറ ജൂതായിസം നെതന്യാഹുവിനെ ശിപാർശ ചെയ്യാൻ വിസമ്മതിച്ചു. തീവ്രയാഥാസ്ഥിതിക പാർട്ടി ഐസൻകോട്ടിനെയും പിന്തുണയ്ക്കുന്നില്ല.
67 അംഗങ്ങളുടെ ശിപാർശ ലഭിച്ചെങ്കിലും എന്നാൽ ഭാവിയിലെ ഭരണസഖ്യത്തിൽ അറബ് പാർട്ടികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ പ്രതിപക്ഷത്തിൽ ഭിന്നത നിലനിൽക്കുകയാണ്. അറബ് പാർട്ടികളുടെ പിന്തുണ തേടുന്നതിനെ മുൻപ് ശക്തമായി എതിർത്ത വ്യക്തിയാണ് യെസ്രായേൽ ബെയ്തേനു പാർട്ടി നേതാവ് അവിഗ്ദോർ ലീബർമാൻ.
തീവ്രയാഥാസ്ഥിതിക മതവിദ്യാർഥികൾക്ക് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുണൈറ്റഡ് തോറ ജൂതായിസം നെതന്യാഹുവിനെ ശിപാർശ ചെയ്യാതിരിക്കാൻ കാരണം. നെതന്യാഹു ഈ ഇളവ് നിലനിർത്തിയിട്ടുണ്ടെങ്കിലും അത് സ്ഥിരപ്പെടുത്തുന്നതിനുള്ള നിയമനിർമ്മാണം നടത്തിയിട്ടില്ല. ഗാസ, ലെബനൻ, ഇറാൻ എന്നിവയുൾപ്പെടുന്ന യുദ്ധങ്ങളിൽ ഇസ്രായേലി റിസർവ് സൈനികർ സേവനം തുടരുന്നതിനിടയിൽ ഈ വിഷയം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. "അടുത്തതായി ഏത് സർക്കാർ രൂപീകരിച്ചാലും, തോറ വിദ്യാർത്ഥികളുടെ പദവി ശരിയാക്കുകയാണ് തങ്ങളുടെ മുഖ്യപരിഗണന" എന്ന് തോറ എം.പി ഐസക് പിൻഡ്രസ് പറഞ്ഞു. നെതന്യാഹു കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുമ്പോൾ സഖ്യചർച്ചകൾക്ക് ഒരുങ്ങുകയാണ് ഐസൻകോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.